കണമല: മൂക്കൻപെട്ടി ഒഴുകയിൽ കുര്യന്റെ പറമ്പിൽ കാട്ടുപടൽ പടർന്നിരുന്ന റബർ മരങ്ങളുടെ ചുവട്ടിൽ ഇപ്പോൾ ആ കാഴ്ചയില്ല. പകരമുള്ളത് പടർന്ന് പന്തലിച്ച മത്തന്റെ വള്ളിപ്പടർപ്പുകൾ. അവയിൽ നിറയെ ഉരുണ്ട് കൊഴുത്ത് പാകമായ നൂറുകണക്കിന് മത്തങ്ങകൾ. റിട്ടയേർഡ് ഹെഡ്മാസ്റ്ററായ ഒ.ജെ. കുര്യൻ നന്ദി പറയുന്നുത് ഒരു മുറം പദ്ധതിക്ക്.
സംസ്ഥാന സർക്കാർ കൃഷിഭവൻ വഴി വിതരണം ചെയ്ത വീട്ടിലൊരു മുറം പച്ചക്കറി എന്ന പദ്ധതിയിലൂടെ ലഭിച്ചതിലെ മത്തന്റെ വിത്തുകളാണ് ഒന്നര ഏക്കർ റബർ തോട്ടം നിറയെ വളർന്ന് പൂവിട്ട് കായ്ച്ച് അഞ്ഞൂറിൽ പരം ഉരുളൻ മത്തങ്ങകൾ സമ്മാനിച്ചിരിക്കുന്നത്. വിത്തുകളുടെ പായ്ക്കറ്റിലുണ്ടായിരുന്ന മറ്റ് പച്ചക്കറി വിത്തുകളും നെടുനീളെ വളർന്ന് പാവയ്ക്കയും പയറും വെണ്ടക്കയും വഴുതനങ്ങയുമായി തലയുയർത്തി നിൽപ്പുണ്ട്.
500 മത്തങ്ങ കഴിഞ്ഞ ദിവസം പറിച്ചെടുത്ത് മാർക്കറ്റിലെത്തിച്ച് വിറ്റെന്ന് കണമല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് കൂടിയായ ഒ.ജെ. കുര്യൻ പറഞ്ഞു. ഭാര്യയും റിട്ടയേർഡ് ഹെഡ്മിസ്ട്രസുമായ പി.വി. ത്രേസ്യാമ്മയാണ് കൃഷിപ്പണിയിലെ ഏക സഹായി. മികച്ച അധ്യാപികയ്ക്ക് സംസ്ഥാന സർക്കാരിന്റെയും മർത്തോമ്മ സഭയുടെ ആചാര്യ അവാർഡും ത്രേസ്യാമ്മ ടീച്ചർക്ക് ലഭിച്ചിട്ടുണ്ട്.
വിശ്രമ ജീവിതം ആനന്ദകരവും ആരോഗ്യ പരിരക്ഷയിലുമാക്കാൻ കൃഷിയെക്കാൾ മറ്റൊന്നില്ലന്ന് ഇരുവരും പറയുന്നു. പ്രയോജനമില്ലാത്ത കാട്ടുപടലുകൾ മൂടുന്ന റബർ തോട്ടങ്ങളിൽ മത്തൻ കൃഷി നല്ല വരുമാന മാർഗമാക്കാമെന്നതിന് ഉദാഹരണം കൂടിയാണ് കുര്യൻസാറിന്റെ കൃഷി.
മക്കളായ ആദർശ് പളളിക്കത്തോട് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനും ആനന്ദ് ദുബായിൽ സൗണ്ട് എൻജിനിയറുമായി ജോലി ചെയ്യുന്നു.