പറവൂർ: ഗ്രാമപഞ്ചായത്തിനെ പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തമാക്കി മാറ്റുന്ന തിരക്കിനിടയിലും തന്റെ വീടിന്റെ മുറ്റവും ടെറസും നിറയെ പച്ചക്കറി വിളയിച്ച് മാതൃകയാകുകയാണ് ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ്.
വീടിരിക്കുന്ന സ്ഥലം കഴിഞ്ഞാൽ ചെറിയ മുറ്റം മാത്രമാണുള്ളതെങ്കിലും ടെറസിന്റെ മുക്കും മൂലയും ഉൾപ്പെടെ ഓരോ ഇഞ്ച് സ്ഥലത്തും പച്ചക്കറി കൃഷിയാണ്. വീട്ടിലെ ആവശ്യം കഴിഞ്ഞുള്ളവ അനൂപ് അയൽവാസികൾക്ക് നൽകുകയോ, വിൽക്കുകയോ ചെയ്യും.
വെണ്ട, പാവൽ എന്നിവ കൊണ്ടാട്ടമായി ഉണക്കി സൂക്ഷിക്കും. ഇഞ്ചി, പച്ചമുളക്, വേപ്പില എന്നിവ കടയിൽ നിന്നു വാങ്ങിയിട്ട് വർഷങ്ങളായി. മത്സ്യവില്പനക്കാർ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബോക്സിലാണ് ഇഞ്ചി കൃഷി. ഒരു ബോസ്കിൽനിന്നു നാലു കിലോ ഇഞ്ചി വരെ ലഭിക്കും.
കോവൽ, കുമ്പളം, മത്തൻ, ചീര, കോളിഫ്ലവർ, കാബേജ് എന്നിവ കാലാവസ്ഥയ്ക്ക് അനുസൃതമായി കൃഷി ചെയ്യുന്നതാണ് അനൂപിന്റെ രീതി.
ആവശ്യസാധനങ്ങൾക്ക് നാം മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതുമൂലമുള്ള ലോക്ക് ഡൗൺ നൽകുന്ന പാഠവും കൃഷിയിലുള്ള താത്പര്യവും മുൻനിർത്തി ഗ്രാമപഞ്ചായത്തിനെ പച്ചക്കറി സ്വയം പര്യാപ്തമാക്കുന്ന നടപടികൾ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഊർജിതമായി നടന്നുവരികയാണ്. റ്