ചാത്തന്നൂർ: ജില്ലയിലെ പ്രധാന നെല്ലറയായ പോളച്ചിറയിൽ നെൽകൃഷിയുടെ പേരിൽ നടക്കുന്നത് സബ്സിഡി തട്ടിപ്പും വിത്തും വിജയം തട്ടിപ്പാണെന്ന് കർഷക സംഘടനകൾ. ഇതിനെതിരെ നല്കിയ പരാതിയിൽ ജില്ലാകളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. കർഷക സംഘടനകൾ നിയമ നടപടികൾക്കായി കോടതിയെ സമീപിച്ചു. ചിറക്കര ഗ്രാമപഞ്ചായത്ത് കൃഷി ഭവനും രാഷ്ടീയ സ്വാധീനമുള്ള ഒരു കർഷക സമിതിയും പ്രതിക്കൂട്ടിലാണ്.
കിസാൻ കോൺഗ്രസും പോളച്ചിറ ഏലാ കർഷക സമിതിയും നിയമ നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. പ്രകൃതിസംരക്ഷണ സമിതി ജില്ലാ കളക്ടർക്ക് പരാതി നല്കിയതിനെ തുടർന്ന് അന്വേഷണം നടത്താൻ കളക്ടർ കൃഷി വകുപ്പിന് ഉത്തരവ് നല്കി.1500 ഏക്കറോളം വിസ്തൃതിയുള്ള പോളച്ചിറ പുഞ്ചക്കായലിൽ പുഞ്ചകൃഷി നടത്തുന്നതിന്റെ പേരിൽ വൻ തട്ടിപ്പാണ് നടക്കുന്നതെന്ന് കർഷക സംഘടനകൾ ആരോപിച്ചു.
കൃഷി വകുപ്പിൽ നിന്നും ലക്ഷങ്ങളാണ് സബ്സിഡി ഇനത്തിൽ പോളച്ചിറയിൽ നെൽകൃഷിയുടെ പേരിൽ അനുവദിക്കുന്നത്.വർഷം തോറും പോളച്ചിറ പുഞ്ചക്കായൽകൃഷിയോഗ്യമാക്കാൻ ചിറക്കര ഗ്രാമപഞ്ചായത്താണ് വെള്ളം വറ്റിച്ച് അടിസ്ഥാന സൗകര്യമൊരുക്കുന്നത്. ഈ നിലങ്ങളിലെ മത്സ്യം ലേലം ചെയ്യ് പഞ്ചായത്ത് ഇതിനുള്ള ചിലവിൽ ഒരു ഭാഗം കണ്ടെത്തും. ഇതുകൂടാതെ കഴിഞ്ഞ മൂന്നു വർഷമായി പാടശേഖര സമിതി കർഷക രജിസ്ട്രേഷൻ എന്ന പേരിൽ കർഷകരിൽ നിന്നും ഒരു ഹെക്ടറിന് മൂവായിരത്തോളം രൂപ ഫീസായി ഈടാക്കുന്നുണ്ട്.
രജിസ്ട്രേഷൻ ഫീസ് നൽകാകാത്തതിനാൽ നിരവധി കർഷകർക്ക് വിത്തും വളവും സബ്സിഡിയും നൽകാൻ പാടശേഖര സമിതിയും കൃഷിഭവനും തയാറാട്ടില്ലെന്ന് കർഷകർ ആരോപിച്ചു. നിലം ഉടമകൾ അറിയാതെയും ചില കർഷകരെ തെറ്റിദ്ധരിപ്പിച്ചും സർക്കാരിൽ നിന്ന് ആനുകുല്യങ്ങൾ അനധികൃതമായി തട്ടിയെടുക്കുന്നുവെന്നാണ് ആക്ഷേപം.
സമഗ്രന്വേഷണംനടത്തണം ഏലാ കർഷക സമിതി
ചാത്തന്നൂർ: പോളച്ചിറ ഏലായിലെ അഴിമതിക്കാരെ പുറത്തു കൊണ്ടുവരുന്നതിനും അനധികൃതമായി കൈപ്പറ്റിയ സർക്കാരിന്റെ പണം ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കാനും സമഗ്രമായ അന്വേഷണം നടത്തണമെന്ന് പോളച്ചിറ ഏലാ കർഷക സമിതി.പോളച്ചിറ ഏലായിൽ മുമ്പ് രജിസ്ട്രർ ചെയ്ത കർഷക സമിതി നിലനില്ക്കേ പുതുതായി ഒരു വികസന സമിതി സംഘടിപ്പിച്ചാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്നത്.
വെള്ളം വറ്റിക്കുന്നതിനും സർക്കാർ സൗജന്യ നിരക്കിൽ വിതരണം ചെയ്യുന്ന വിത്തിനും വളത്തിനും വലിയ തുക ഈടാക്കുകയും തൊടുന്യായങ്ങൾ പറഞ്ഞ് ചിലർക്ക് അവ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.പോളച്ചിറ ഏലായിൽ സുതാര്യമായ കാർഷിക സംവിധാനത്തിലൂടെ നെൽകൃഷി നടത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ഗുലാ കർഷക സമിതി ഭരണ സമിതി അംഗം വി.ശശിധരൻ പിള്ളആവശ്യപ്പെട്ടു.
സബ്സിഡി
തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കണം
ചാത്തന്നൂർ: പോളച്ചിറ പുഞ്ചക്കായിലെ നെൽകൃഷി സബ്സിഡി തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കിസാൻ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെയും പാടശേഖര സമിതിയുടെയും നേതൃത്വത്തിൽ അഴിമതിയുടെ കൂട്ടുകൃഷിയാണ് നടക്കുന്നത്.
യഥാർഥ കർഷകരെ അവഗണിച്ച് അനർഹർക്ക് കമ്മീഷൻ വ്യവസ്ഥയിൽ സബ്സിഡിയും വിത്തും വിജയം അനുവദിച്ചു നൽകികിയ പാടശേഖര സമിതി പിരിച്ചുവിടണം. ഇതിന് കൂട്ടുനിന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണം. ഈ ആവശ്യം ഉന്നയിച്ച് കൃഷിവകുപ്പ് മന്ത്രിക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.
ബിജു വിശ്വ രാജൻ യോഗത്തിൽ അധ്യക്ഷനായിരുന്നു. റാം കുമാർ രാമൻ, വിനോദ് പരറ്റർ, ആർ.രതീഷ്, ഭുതക്കുളം രാധാകൃഷ്ണപിള്ള, ജോർജ് കിട്ടാ ഷൈലജ പ്രേം ,സി.അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.