പെരുന്പടവ്: കൃഷിയെ ജീവനുതുല്യം സ്നേഹിച്ച് ഒരു യുവകർഷകൻ. പെരുന്പടവ് കരിപ്പാലിലെ കപ്പൂര് ഷാജിയാണ് കൃഷി ലഹരിയാക്കി മാറ്റിയിരിക്കുന്നത്.
കൃഷിയോടുള്ള സ്നേഹം കൂടുതൽ വിളകളിലേക്കും ഫലവർഗങ്ങളിലേക്കും ആകർഷിച്ചപ്പോൾ ഷാജിയുടെ കൃഷിയിടം ഒരു കൃഷിപാഠശാലയുടെ അനുഭൂതിയാണു പകരുക. പൂർവികർ കൃഷിചെയ്തിരുന്ന എല്ലാ വിളകളും തന്നെ ഷാജിയുടെ പുരയിടത്തിലുണ്ട്.
പച്ചക്കറികൾക്കൊപ്പം കിഴങ്ങുവർഗങ്ങളും ഫലവർഗങ്ങളും മുട്ട, പാൽ, മത്സ്യം എന്നിവയെല്ലാം സ്വന്തം കൃഷിയിടത്തിലുണ്ട്. ജൈവ വളങ്ങളും ജൈവ കീടനാശിനികളും ഉപയോഗിക്കുന്ന ഷാജി കൃഷിരീതികൾ മറ്റുള്ളവർക്ക് പകർന്നുനൽകുന്നതിൽ ഒരു മടിയും കാണിക്കാറില്ല.
പയർ, പാവൽ, കക്കിരി, താലോലി, നിത്യവഴുതന, മുരിങ്ങ, നാരകം, കറിവേപ്പ്, ഇഞ്ചി, മഞ്ഞൾ, കാച്ചിൽ, ചേന്പ്, കപ്പ, പപ്പായ, മുളക് തുടങ്ങി പച്ചക്കറി കടകളിൽ കിട്ടുന്ന എല്ലാ ഇനങ്ങളുംകൊണ്ട് ഷാജിയുടെ കൃഷിയിടം സന്പന്നം.
കിഴങ്ങിന്റെ ആവശ്യത്തിനുള്ളതും കറിവയ്ക്കാൻ തണ്ടുമാത്രം ഉപയോഗിക്കുന്ന ഇനവുമുൾപ്പെടെ വ്യത്യസ്തയിനം ചേന്പുകളും അഞ്ചു വ്യത്യസ്ത ഇനത്തിലുള്ള ചീരയും കൃഷിയിടത്തിലുണ്ട്. കറുവ, തിപ്പലി എന്നിവയും തോട്ടത്തിൽ ധാരാളമായുണ്ട്.
എല്ലാമാസവും പച്ചക്കപ്പ ലഭ്യമാക്കുന്നവിധത്തിൽ വിവിധ ഇനത്തിലുള്ള കപ്പയും വ്യത്യസ്ത സമയങ്ങളിൽ കൃഷിചെയ്യുന്നു. റബർ, തെങ്ങ്, കവുങ്ങ്, കുരുമുളക് തുടങ്ങിയ കാർഷികവിളകളും പുരയിടത്തിലുണ്ട്.
ഏറിയപങ്കും സ്വന്തമായി പണിയെടുക്കുന്ന ഷാജിയെ സഹായിക്കാൻ ഭാര്യ സിന്ധുവും കൂടെയുണ്ട്. പാറപ്രദേശമായ കൃഷിയിടത്തിൽ ജലസംരക്ഷണത്തിനാവശ്യമായ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധി മുളകൾ കൃഷിചെയ്യുന്നുണ്ട്. മുളയിൽനിന്ന് നല്ലൊരു വരുമാനവും ലഭിക്കുന്നുണ്ട്.
കൃഷിക്കൊപ്പം മൃഗപരിപാലനത്തിലും ഷാജി ശ്രദ്ധചെലുത്തുന്നു. പത്തു പോത്തുകളെ വളർത്തുന്ന ഇദ്ദേഹത്തിന് വേനലിൽ മാത്രമാണു പോത്തിന് തീറ്റ വാങ്ങി നൽകേണ്ടിവരിക.
പോത്തുകൾക്ക് രോഗം കുറവാണെന്ന് ഷാജി അവകാശപ്പെടുന്നു. രണ്ടുവർഷം കൊണ്ട് ഈ പോത്ത് രണ്ടു ക്വിന്റൽ തൂക്കം വയ്ക്കും. ഇതിൽനിന്നു നല്ലൊരു വരുമാനം ലഭിക്കുന്നു. അനുസരണയുള്ള പോത്തുകൾ ഷാജി വിളിക്കുന്പോൾ തന്നെ വിളിപ്പുറത്ത് എത്തും.
മികച്ച ക്ഷീരകർഷകൻ കൂടിയായ ഇദ്ദേഹം പശുക്കൾക്കായി വ്യത്യസ്ത തരത്തിലുള്ള പുൽക്കൃഷിയും ചെയ്തുവരുന്നു. മുട്ടയ്ക്കും ഇറച്ചിക്കുമായി ആവശ്യത്തിനുള്ള കോഴികളെ സ്വന്തമായി വിരിയിച്ചാണ് വളർത്തുന്നത്.
പ്രവാസിയായ ഇദ്ദേഹം ഗൾഫിലുണ്ടായിരുന്ന കാലത്തുപോലും അവിടെ പ്രാവിനെ വളർത്തിയിരുന്നു. ഇപ്പോൾ വ്യത്യസ്ത ഇനത്തിലുള്ള ഏറെ പ്രാവുകളെ വളർത്തുന്നുണ്ട്.
കദളിവാഴ ഉൾപ്പെടെ കൃഷിചെയ്യുന്ന ഇദ്ദേഹം പുതിയ ഇനങ്ങൾ എവിടെ ഉണ്ടെന്നറിഞ്ഞാലും അവ ലഭ്യമാക്കി തന്റെ കൃഷിയിടത്തിൽ എത്തിക്കും.
പഴവർഗങ്ങളുടെ നീണ്ടനിര ഷാജിയുടെ കൃഷിയിടത്തിൽ കാണാം. മുള്ളാത്ത, പേര, ചാന്പ, വ്യത്യസ്തങ്ങളായ മാവ്, പ്ലാവ് ഇനങ്ങൾ, പപ്പായ, നാരകം, സപ്പോട്ട എന്നിവയ്ക്കൊപ്പം കരിന്പും കൃഷിചെയ്തുവരുന്നു.