തൃശൂർ: കോൾ കർഷകർ നേരിടുന്ന പൊതു വിഷയങ്ങൾ ചർച്ചചെയ്യുന്നതിന് മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥ മേധാവികൾക്കും നിവേദനം നൽകിയിട്ടും തീരുമാനമാകാത്ത സാഹചര്യത്തിൽ അടുത്ത വർഷത്തെ കൃഷി ഇറക്കണോ എന്നു തീരുമാനിക്കാൻ കോൾ കർഷകരുടെ ജനറൽ കൗണ്‍സിലും പടവു കമ്മിറ്റി ഭാരവാഹികളുടെ യോഗവും ചേരുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലം ഉല്പാദനക്കുറവ്, അധികമായ ചെലവ്, നെല്ലിന്റെ സംഭരണവില വർധിപ്പിക്കാത്തത്, മില്ലുടമകളുടെ ചൂഷണം എന്നിവ സംബന്ധിച്ച് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ രണ്ടുതവണ യോഗം വിളിച്ചിരുന്നു. മില്ലുടമ പ്രതിനിധികളും, കർഷക പ്രതിനിധികൾ, സപ്ലൈകോ മേധാവികൾ എന്നിവരും ഒന്നിച്ചു ചർച്ച ചെയ്തെങ്കിലും മില്ലുടമകളുടെ പിടിവാശിമൂലം സർക്കാർ തീരുമാനത്തിനു വിടുകയായിരുന്നു.
ഇപ്പോൾ നെല്ലു സംഭരണം നടക്കുന്നുണ്ടെങ്കിലും ഹാൻഡ്ലിങ്ങ് ചാർജ് നൽകുന്നതു സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കാൻ വൈകുന്ന സാഹചര്യത്തിലാണ് ജില്ലാ കോൾ കർഷക സംഘം ജനറൽ കൗണ്‍സിലും പടവു കമ്മിറ്റി ഭാരവാഹികളുടെയും സംയുക്ത യോഗം ചേരുന്നത്.
ഏഴിന് രാവിലെ 10.30 ന് പ്രസിഡന്റ് കെ.കെ. കൊച്ചുമുഹമ്മദിന്റെ അധ്യക്ഷയിൽ ശക്തൻ സ്റ്റാൻഡിനു സമീപമുള്ള ഐഎംഎ ഹാളിൽ ചേരുന്ന യോഗത്തിൽ മുഴുവൻ കർഷക പ്രതിനിധികളും പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി എൻ.കെ. സുബ്രഹ്മണ്യൻ അറിയിച്ചു.