റെജി ജോസഫ്
കോട്ടയം: ഒരു നിര തൊഴിലാളികള്‍ കര്ഷകചൂഷകരായി മാറിതോടെ അപ്പര്‍ കുട്ടനാട്ടിലെ പാടങ്ങളില്‍ കര്‍ഷകര്‍ തന്നെ ചുമട്ടുകാരായി.
പാടങ്ങളില്‍ ഒരു ക്വിന്റല്‍ നെല്ല് ചാക്കില്‍ നിറയ്ക്കാനുള്ള കൂലി 30 രൂപയില്‍ നിന്ന് 40 രൂപയായും ആ നെല്ല് ചുമന്ന് റോഡിലെത്തിക്കാന്‍ 120 രൂപയും വേണമെന്ന് തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടതോടെയാണ് പാടശേഖര സമിതികള്‍ സംഘടിതരായി ഈ ജോലികളും ഏറ്റെടുത്തത്.
ഒരു ചാക്കു നിറയ്ക്കാന്‍ ഏറിയാല്‍ മൂന്നു മിനിറ്റും ചുമടിന് അഞ്ചു മിനിറ്റും മതിയാകുന്ന സാഹചര്യത്തിലാണ് കൊള്ളക്കൂലി ആവശ്യപ്പെട്ട് തൊഴിലാളികള്‍ സംഘടിച്ചത്.
വിരിപ്പ് നെല്ലിന്റെ കൊയ്ത്ത് പ്രധാന ഘട്ടത്തിലെത്തിയപ്പോഴാണ് തൊഴിലാളികള്‍ കൂടുതല്‍ കൂലി ആവശ്യപ്പെട്ടത്. ചാക്ക് നിറയ്ക്കല്‍, ചുമട്, കൊയ്ത്ത് യന്ത്രം, ലോഡിംഗ് എന്നിയ്ക്കെല്ലാം കഴിഞ്ഞ മാസം നിരക്ക് വര്‍ധിപ്പിച്ച് ധാരണയായിരുന്നു. ഇതിനുശേഷവും കൂലി കൂട്ടിച്ചോദിച്ചതോടെ കര്‍ഷകര്‍ ലേബര്‍ ഓഫീസിനെയും പോലീസിനെയും സമീപിച്ചു.
തൊഴിലാളികളുടെ ആവശ്യം ന്യായമല്ലെന്നും കരാര്‍ ലംഘനമാണെന്നും അധികൃതര്‍ നിലപാടെടുത്തതോടെ തൊഴിലാളികള്‍ കൊയ്ത്തു തടയുമെന്നായി. ഇതു വകവയ്ക്കാതെ ഇന്നലെ മുതല്‍ കര്‍ഷകര്‍തന്നെ നെല്ല് വാരി നിറച്ചു ചുമക്കാന്‍ നിര്‍ബന്ധിതരായി.
അനിശ്ചിതത്വങ്ങള്‍ക്കു നടുവിലാണ് നിലവില്‍ കൊയ്ത്ത് നടക്കുന്നത്. നെല്ല് സംഭരണത്തിന് സംസ്ഥാന സര്‍ക്കാര്‍ നയാ പൈസ വകയിരുത്തിയിട്ടില്ല. സംഭരിക്കുന്ന നെല്ലിന് സപ്ലൈകോ നല്കുന്ന രേഖയായ പിആര്‍എസ് ഈടായി സ്വീകരിച്ച് പണം നല്കാന് ഒരു ബാങ്കും തയാറാകുന്നില്ല. മുന്‍പ് എസ്ബിഐ, ഫെഡറല്‍, കാനറ ബാങ്കുകള്‍ പിആര്‍എസിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് പണം നല്‍കിയിരുന്നു.
സര്‍ക്കാര്‍ ഫണ്ട് എന്നുലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ഒരു ബാങ്കും പണം നല്കാന് തയാറല്ല. കുത്തു കൂലി ഒരു വര്‍ഷമായി കുടിശികയായതിനാല്‍ മില്ലുകള്‍ നെല്ല് ഏറ്റെടുക്കാന്‍ താല്പര്യപ്പെടുന്നില്ല. മുന്‍പ് 63 മില്ലുകള്‍ നെല്ല് ഏറ്റെടുത്തിരുന്നു.
ഇക്കൊല്ലം ഒന്‍പത് മില്ലുകള്‍ മാത്രമേ സംഭരണത്തിനുള്ളു. ഒരു മണിക്കൂറിന് കൊയ്ത്ത് യന്ത്രത്തിന് മിനിമം വാടക 1800 രൂപയാണ്. കൃഷിവകുപ്പിനും ജില്ലാ പഞ്ചായത്തുകള്‍ക്കും ഇതര സര്‍ക്കാര്‍ സഹകരണ സംരംഭങ്ങള്‍ക്കും സ്വന്തമായുള്ള 400 കൊയ്ത്ത് യന്ത്രങ്ങള്‍ പലയിടങ്ങളിലായി തുരുന്പെടുത്ത് നശിക്കുമ്പോഴാണ് ഇതര സംസ്ഥാനങ്ങളില്‍നിന്ന് യന്ത്രങ്ങളെത്തിച്ച് കൊയ്ത്തു നടത്തുന്നത്.
സര്‍ക്കാര്‍ വക യന്ത്രങ്ങളില്‍ ആയിരം രൂപ നിരക്കില്‍ കൊയ്തുകൊടുക്കാമെന്നിരിക്കെ ഈ യന്ത്രങ്ങളുടെ കേടുപാടു തീര്‍ക്കാന്‍ അധികാരികള്‍ക്ക് താല്പര്യവുമില്ല.