കഴക്കൂട്ടം :ജൈവ പച്ചക്കറി തോട്ടമൊരുക്കി ഒരുകൂട്ടം അധ്യാപകരും വിദ്യാർഥികളും മറ്റുകോളജുകൾക്ക് മാതൃകയാകുന്നു. ചെമ്പഴന്തി എസ്എൻ കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2015- 2016 അധ്യായന വർഷം മുതലാണ് സമ്പൂർണ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. ഇപ്പോൾ ഇത് മൂന്നാംഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. ഇതിനായി കോളജ് കാമ്പസിലെ പാഴ്മരങ്ങളും കുറ്റിച്ചെടികളും വളർന്നുപന്തലിച്ച സ്ഥലം വൃത്തിയാക്കി കൃഷിക്ക് ഉപയോഗപ്രദമാക്കുകയായിരുന്നു.
പയർ, പടവലം, പാവയ്ക്കാ, വെള്ളരി, പച്ചമുളക്, വേണ്ട, തക്കാളി, വഴുതിന. ചീ, കോളിഫ്ലവർ, കാബേജ് തുടങ്ങിയ വിവിധയിനം പച്ചക്കറികളോടൊപ്പം 100 വാഴയും മരച്ചീനിയും കൃഷി ചെയ്യുന്നുണ്ട് .കൃഷിവകുപ്പിന്റെ സഹായത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ആദ്യ ഘട്ടം ഒരുലക്ഷം രൂപയോളം ചെലവായി അതിൽ 43,000 രൂപ സബ്സിഡി കൃഷി വകുപ്പിൽ നിന്നും ലഭിച്ചു .ചാണകം, കോഴിവളം, മണ്ണിര കമ്പോസ്റ്റ്, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് തുടങ്ങിയ ജൈവ വളങ്ങൾ ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്. ശ്രീകാര്യം കൃഷി ഓഫിസിലെ അസി. കൃഷി ഓഫിസർ ബി. സനൽ സ്ഥിരമായി തോട്ടം സന്ദർശിക്കുകയും കൃഷിക്ക് വേണ്ട മാർഗ നിർദേശം നൽകുകയും ചെയ്യുന്നുണ്ട് .
വെള്ളായണി കാർഷിക കോളജിൽ നിന്നും ശ്രീകാര്യം കൃഷി ഓഫിസിൽ നിന്നും ലഭിക്കുന്ന വിത്തുകളാണ് കൃഷിക്ക് ഉപയോഗിക്കുന്നത് ഒന്നാം ഘട്ടത്തിൽ തന്നെ പൊതു സ്ഥാപനങ്ങൾക്കായി കൃഷി വകുപ്പേർപെടുത്തിയഅവാർഡ് ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കുകയും കോളേജിലെ ജൈവ പച്ചക്കറി തോട്ടത്തിന് കഴിഞ്ഞിട്ടുണ്ട്.
മികച്ച എൻ എസ് എസ് പ്രവർത്തനത്തിന് നിരവധി അവാർഡുകൾ ഈ കോളജിനെ തേടിയെത്തിയിട്ടുമുണ്ട് നിർധനർക്ക് ഭവന നിർമാണ പദ്ധതിയിൽആദ്യത്തെ വീട് പൂർത്തീകരിച്ചതും ഈ കോളജിലെ എൻഎസ്എസ് യൂണിറ്റാണ്. ചിട്ടയോടുകൂടിയ എൻഎസ്എസ് പ്രവർത്തനത്തിനും കുട്ടികളിൽ അച്ചടക്ക ബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തിയെടുക്കുന്നതിലും ഇത്തരം സംരംഭങ്ങൾ വളരെയേറെ സഹായിക്കുന്നുണ്ടെന്ന് കോളജ് പ്രിൻസിപ്പൽ ഡോ. എൽ. തുളസീധരൻ പറഞ്ഞു.
എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ ടി .വി. ശ്രീനീഷും എസ്. ശിവകലയും ആണ് കോളജിലെ എൻഎസ്എസ് പ്രവർത്തനങ്ങൾ നയിക്കുന്നത് ഈ വർഷം രണ്ട് നിർധരരായ രോഗികൾക്ക് ചികിത്സാ സഹായം സമാഹരിക്കാനും ശദാബ്ദി ആഘോഷിക്കുന്ന തച്ചപ്പള്ളി ഗവ. എൽ പിഎസിന് ലൈബ്രറി ആവശ്യത്തിന് പുസ്തകങ്ങൾ ശേഖരിക്കാനും പദ്ധതിയുണ്ട്.