കാട്ടാക്കട : കനത്ത മഴയിൽ ബണ്ട് തകർന്ന് കൃഷിയിടങ്ങളിൽ വെള്ളം കയറി വ്യാപക കൃഷിനാശം സംഭവിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി.തലയൽ ഏലായിൽ വെള്ളം കയറി ഇരുപത്തയ്യായിരത്തിൽപ്പരം വാഴകൾ നശിച്ചെന്ന് കർഷകർ പറഞ്ഞു.
ബണ്ടുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷിഭവനിലും പഞ്ചായത്ത് അധികൃതർക്കും കർഷകർ നിരവധി തവണ പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും ഇതേവര ഉണ്ടായിട്ടില്ല.
കർഷകരുടെ ഉത്പന്നങ്ങൾ ഏറ്റുവാങ്ങി ഹോർട്ടികോർപ്പ് വഴി വിപണനം നടത്തുന്ന വിഎഫ്പിസികെയും കർഷകർക്ക് മുന്നിൽ കണ്ണടക്കുകയാണ്.തലയൽ ഏലായിലെ കൃഷിനാശത്തിന്റെ വിവരങ്ങൾ അധികൃതർ ഇതുവരെ ശേഖരിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു.
തലയൽ സ്വദേശി തുളസീധരൻ നായരുടെ എട്ടേക്കർ കൃഷിയിടത്തിലെ 2000 മൂട് തൈവാഴകൾ, തലയൽ കൈലാസത്തിൽ പരപ്പിൻതലയിൽ പി.ആർ. അനിൽകുമാറിന്റെ ആറേക്കർ കൃഷിയിടത്തിലെ 2000 വാഴകൾ, കുമാറിന്റെ 3000 വാഴകൾ, തേമ്പാമുട്ടം മുണ്ടുകോണം സ്വദേശി രവിയുടെ 1000 മൂട് വാഴകൾ, മുണ്ടുകോണത്ത് സത്യന്റെ 1000 വാഴകൾ, റിട്ട.കെഎസ്ഇബി ഉദ്യോഗസ്ഥൻ പാറക്കുഴിയിൽ സുദർശന്റെ 2000 മൂട് വാഴകൾ, തലയൽ ഏലായിൽ പള്ളിച്ചൽ സ്വദേശി സത്യന്റെ ചീര, പയർ, പാവലും ആലുവിള സ്വദേശി വിജയന്റെ ഒരേക്കറിലെ പടവലം, കോവക്ക, വെള്ളരി ഉൾപ്പെടെ 25000 രൂപയുടെ കൃഷിനാശവും സംഭവിച്ചു. വ്യക്തിഗത പരാതികൾ കൃഷിഭവനിൽ കിട്ടിയിട്ടുണ്ടെന്നും തലയൽ ഏലായിലുണ്ടായ മൊത്തം കൃഷിനാശത്തിന്റെ കണക്കുകൾ ശേഖരിച്ച് വരുന്നതേയുള്ളൂവെന്നാണ് കൃഷിഭവൻ അറിയിച്ചു.