കൊടകര: പഞ്ചായത്തിലെ ചാറ്റിലാംപാടത്ത് വെള്ളമില്ലാത്തതിനാൽ വിരിപ്പുകൃഷി പ്രതിസന്ധിയിൽ. വേണ്ടത്ര മഴ ലഭിക്കാത്തതാണ് ഇവിടത്തെ കർഷകരെ വലക്കുന്നത്.കൊടകര,മറ്റത്തൂർ കൃഷിഭവനുകളുടെ പരിധിയിലായി വ്യാപിച്ചുകിടക്കുന്നതാണ് വിസ്തൃതമായ ചാറ്റിലാംപാടം.
130 ഏക്കറോളം വരുന്ന പാടശേഖരത്തിൽ എണ്‍പതിലേറെ കർഷകരാണുള്ളത്. സാധാരണയായി മഴയെ ആശ്രയിച്ചാണ് ഈ പാടശേഖരത്ത് വിരിപ്പുകൃഷിയിറക്കാറുള്ളത്. ഇത്തവണ മഴ വേണ്ടത്ര പെയ്യാതിരുന്നതിനാൽ പാടശേഖരത്തിനു നടുവിലൂടെ ഒഴുകുന്ന തോട്ടിൽ ഇതുവരെ നീരൊഴുക്ക് ഉണ്ടായിട്ടില്ല.
മഴ പ്രതീക്ഷിച്ച് നിലമൊരുക്കുന്ന പണികൾ കർഷകർ തുടങ്ങിവെച്ചെങ്കിലും കണ്ടങ്ങളിൽ വെള്ളമില്ലാത്തതിനാൽ ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. മഴ പെയ്ത് വെള്ളം ലഭ്യമായില്ലെങ്കിൽ കൃഷിയിറക്കാനായി തയ്യാറാക്കിയ ഞാറ്റടികളിൽ ഞാറുകൾ മൂപ്പെത്തി നശിച്ചുപോകുമെന്ന ആശങ്കയും കർഷകർക്കുണ്ട്്.