ബിജോ ടോമി
കൊച്ചി: കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് വലിയ അളവിൽ പച്ചക്കറികൃഷിക്ക് നാശം സംഭവിച്ചതോടെ ഇത്തവണ ഓണസദ്യയൊരുക്കാൻ പൂർണമായും ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണു മലയാളികൾ.
കേരളവിപണിയിൽ എത്തുന്ന പച്ചക്കറിയിൽ ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളിൽനിന്നാണെങ്കിലും ഓണവിപണി ലക്ഷ്യമിട്ട് കേരളത്തിൽ നിരവധി കർഷകർ കൃഷിയിറക്കിയിരുന്നു. ഇവർക്കു കാലവർഷം സമ്മാനിച്ചതാകട്ടെ കണ്ണീരും.
ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ 1032.3 ഹെക്ടർ സ്ഥലത്തെ പച്ചക്കറികൃഷി നശിച്ചതായാണ് കൃഷി വകുപ്പിന്റെ റിപ്പോർട്ട്. കർഷകർക്ക് ആകെ 5,99,99,620 രൂപയുടെ നഷ്ടമെന്നാണ് പ്രാഥമികകണക്ക്. ഇതിൽ നല്ലൊരു ശതമാനം ഇത്തവണ ഓണവിപണി ലക്ഷ്യമിട്ട കൃഷിയാണ്. മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച കോട്ടയം, ആലപ്പുഴ ജില്ലകളിലാണു കൂടുതൽ കൃഷിനാശം.
കോട്ടയത്ത് 352 ഹെക്ടർ കൃഷിയും ആലപ്പുഴയിൽ 234 ഹെക്ടർ കൃഷിയും നശിച്ചു. എറണാകുളം ജില്ലയിൽ 37.62 ഹെക്ടറിലെ കൃഷിയാണു നശിച്ചത്. ലോറിസമരം മൂലം ഓണത്തിന് ഒരു മാസംമുന്പേ വർധിച്ച പച്ചക്കറിവില സമരം അവസാനിച്ചിട്ടും കുറയാത്തിന് കാരണം ഉത്പാദനത്തിലെ കുറവാണെന്നു വ്യാപാരികൾ പറയുന്നു. മഴ പച്ചക്കറി കൃഷിയെ കാര്യമായി ബാധിച്ചതോടെ ഓണത്തിന് വിലക്കയറ്റം രൂക്ഷമാകുമെന്ന സൂചനയും വ്യാപാരികൾ നൽകുന്നു.
അതേസമയം 25,000 ഹെക്ടറിൽ സർക്കാർ കൃഷി ഇറക്കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഓണ വിപണിയെ വിലവർധന ബാധിക്കില്ലെന്നും കൃഷിവകുപ്പ് അധികൃതർ പറയുന്നു. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് സർക്കാർതലത്തിൽ പ്രധാനമായും പച്ചക്കറി കൃഷി ചെയ്തിരിക്കുന്നത്.
വിലക്കയറ്റവും പച്ചക്കറിക്ഷാമവും മറികടക്കാൻ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഇത്തവണ ഓണത്തോടനുബന്ധിച്ച് 2000 ചന്തകൾ പ്രവർത്തിക്കും. കഴിഞ്ഞവർഷം 1500 ഓണച്ചന്തകളാണ് തുറന്നതെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ഇതുകൊണ്ടു വില പിടിച്ചു നിർത്താനാവുമോയെന്നു കണ്ടറിയണം.