മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ ഏളന്നൂർ മഞ്ചപറമ്പിൽ ഉപയോഗശൂന്യമായി കിടന്ന സ്ഥലത്തു ഇറക്കിയ പച്ചക്കറി കൃഷിയിൽ നൂറ് മേനി. പച്ചക്കറിയുടെ വിളവെടുപ്പ് ഉത്സവം നഗരസഭ ചെയർപേഴ്സൺ അനിത വേണു ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ മഞ്ചപറമ്പിൽ 13 ഏക്കർ സ്ഥലത്താണ് സമൃതി പച്ചക്കറി ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറി കൃഷിയിറക്കിയത്.
ഓണത്തിനു ഒരു മുറം പച്ചക്കറി കൃഷിയുടെ ഭാഗമായാണ് നഗരസഭയുടെയും കൃഷിഭവന്റെ സഹായത്തോടെ തരിശുഭൂമിയിൽ കൃഷിയിറക്കിയത്. എൻ.രാജീവൻ, കെ.ശ്രീനിവാസൻ, എൻ.അഷറഫ്, എം.മനോഹരൻ എന്നിവർ ചേർന്നാണു തരിശുഭൂമിയിൽ പച്ചക്കറി കൃഷിയിറക്കിയത്.
ജനവാസം കുറഞ്ഞ പ്രദേശത്തു സ്വകാര്യ വ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്താണ് പച്ചക്കറി കൃഷി ചെയ്യുന്നത്. വെള്ളരി, കക്കിരി, ചീര, തക്കാളി, വെണ്ട, പൊട്ടിക്ക, കുമ്പളം, പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണ് കൃഷിയിറക്കിയത്. കനത്ത മഴ മറ്റു മേഖലകളിൽ പച്ചക്കറിയെ ബാധിച്ചിരുന്നുവെങ്കിലും മട്ടന്നൂർ നഗരസഭയിൽ പച്ചക്കറി വൻതോതിലാണ് വിളഞ്ഞത്.
പച്ചക്കറിയുടെ വിളവെടുപ്പ് നഗരസഭ ചെയർപേഴ്സൺ അനിത വേണു ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ സി.ആർ.രാഗേഷ് അധ്യക്ഷത വഹിച്ചു. ഇരിട്ടി കൃഷി അസി.ഡയറക്ടർ വി.ലത, കൗൺസിലർമാരായ ബിന്ദു പറമ്പൻ, കെ.മജീദ്, നഗരസഭ സെക്രട്ടറി എം.സുരേശൻ എന്നിവർ പ്രസംഗിച്ചു.