ചെങ്ങന്നൂര്‍: വിത കഴിഞ്ഞ് 35 ദിവസം കഴിഞ്ഞിട്ടും പറിച്ച് നടീലിന് വെള്ളം കിട്ടാതെ പാടശേഖരങ്ങള്‍ വിണ്ടുകീറുന്നു. തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് 12,13 വാര്‍ഡുകളായ വനവാതുക്കര അട്ടക്കുഴി പാടത്ത് കൃഷിയിറക്കിയ 21ഓളം കര്‍ഷകരാണ് പറിച്ച് നടീലിന് വെള്ളം ലഭിക്കാതെ പൊറുതി മുട്ടിയിരിക്കുന്നത്. 25 ഹെക്ടര്‍ സ്ഥലത്ത് 10 ലക്ഷം രൂപയോളം ചെലവാക്കിയാണ് കൃഷിയിറക്കിയത്. ബാങ്കുകളില്‍നിന്നും സ്വര്‍ണം പണയം വെച്ചും, വീടും, വസ്തുവും പണയപ്പെടുത്തിയുമാണ് കൃഷിക്കായി പണം കണ്ടെത്തിയത്. യുദ്ധകാലാടിസ്ഥാനത്തില്‍ അധികൃതര്‍ ഇതിന് ഒരു ശാശ്വത പരിഹാരം കണ്ടില്ലായെങ്കില്‍ ആത്മഹത്യ അല്ലാതെ തങ്ങള്‍ക്ക് മറ്റ് മാര്ഗമില്ലെന്നാന്ന് കര്‍ഷകര്‍ പറയുന്നത്.
വിത്ത് വിതച്ചു കഴിഞ്ഞ് 15 ദിവസത്തിനുശേഷം വളം ചേരേണ്ട സമയമാണ്. തുടര്‍ന്ന് 10 ദിവസം കഴിയുമ്പോള്‍ പറിച്ച് നടീലിനു വളര്‍ച്ച എത്തും. അങ്ങനെ ആകെ 25 ദിവസത്തിനുള്ളില്‍ ഞാറ് പറിച്ച് നടണമെന്നാണ് കണക്ക്. എന്നാല്‍ 35 ദിവസം പിന്നിട്ടിട്ടും ഞാറ് പറിച്ചുനടാന്‍ കഴിയുന്നില്ല. പാടശേഖരം വെള്ളമില്ലാതെ വിണ്ടു കീറിയതിനാല്‍ ഞാറ് പഴുത്തു തുടങ്ങിയ അവസ്ഥയിലാണിപ്പോള്‍. വര്‍ഷങ്ങളായി പമ്പാ ഇറിഗേഷന്റെ ജലസേചനപദ്ധതി (പിഐപി)യെ ആശ്രയിച്ചാണ് ഈ പാടശേഖരത്ത് കര്‍ഷകര്‍ കൃഷി നടത്തിയിരുന്നത്.
ഈ മാസം ആറുവരെ ഈ പ്രദേശത്ത് കനാല്‍വെള്ളം എത്തിയിരുന്നു. വടശേരിക്കരയ്ക്കടുത്ത് പിഐപിയുടെ വലിയ കനാല്‍ പൊട്ടിയതാണ് നിലവിലെ ജലക്ഷാമത്തിന് കാരണമായതെന്നാണ് അധികൃതര്‍ കര്‍ഷകരെ അറിയിച്ചത്. കര്‍ഷകര്‍ ഒന്നടങ്കം പിഐപിക്കും, കൃഷി വകുപ്പിലും, പഞ്ചായത്തിലും പരാതിപ്പെട്ടിട്ടും നാളിതുവരെ ഒരു നടപടിയും സ്വീകരിക്കുവാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. കനാല്‍ നന്നാക്കി വെള്ളം ഒഴുക്കിവിടാന്‍ ഏകദേശം 45 ദിവസം വേണമെന്നാണ് പിഐപി അധികാരികള്‍ അറിയിച്ചത്.
പാടശേഖരം പാട്ടത്തിന് എടുത്താണ് ഇവിടെ കര്‍ഷകരില്‍ ഭൂരിപക്ഷവും കൃഷി ചെയ്യുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ അധികൃതര്‍ ഇതിന് ഒരു ശാശ്വത പരിഹാരം കണ്ടില്ലായെങ്കില്‍ ആത്മഹത്യയല്ലാതെ തങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ലെന്നാണ് പാടശേഖരസമിതി സെക്രട്ടറി ഇ.എം. യോഹന്നാന്, സമിതി അംഗവും യുവകര്‍ഷകനുമായ പ്രശാന്ത് ദാമോദര സദനവും പറയുന്നത്.