കല്ലേറ്റുംങ്കര: ആളൂർ പഞ്ചായത്തിലെ അയ്യൻപടയ്ക്കൽ വെള്ളക്കെട്ടി നിർത്തി 50 ഏക്കർ കൃഷി നശിപ്പിക്കുകയും, വേളൂക്കര പഞ്ചായത്ത് പരിധിയിലേക്ക് അർഹതപ്പെട്ട വെള്ളം ലഭിക്കാത്ത സംഭവത്തിൽ ജലേസചന മന്ത്രി ഇടപെടണമെന്ന ആവശ്യം ശക്തമായി.
അവിട്ടത്തൂർ-കൊറ്റനെല്ലൂർ ഇറിഗേഷൻ പ്രൊജക്ട് ജലലഭ്യത കുറവിനാൽ ഇരിങ്ങാലക്കുട ചെറുകിട ജലസേചന വിഭാഗം ഉപേക്ഷിച്ച സാഹചര്യത്തിൽ വേളൂക്കര പഞ്ചായത്തിലെ കർഷകരുടെ നേതൃത്വത്തിൽ കൊറ്റനെല്ലൂരിൽ ചേർന്ന ജനകീയ കൃഷി സംരക്ഷണ സമിതി യോഗത്തിലാണ് ഈ ആവശ്യം ഉയർന്നത്.
ലോക്താന്ത്രിക് യുവജനതാദൾ ജില്ലാ പ്രസിഡന്റ് വാക്സറിൻ പെരെപ്പാടൻ യോഗം ഉദ്ഘാടനം ചെയ്തു. വേളൂക്കരയിലെ പല പ്രദേശങ്ങളും വെള്ളമില്ലാത്തതിനാൽ കൃഷി ചെയ്യാനാകാതെ വരണ്ട് ഉണങ്ങുകയാണ്. ചാലക്കുടി റിവർ ഡൈവേർഷൻ സ്കീം പ്രകാരം വലതുകര മെയിൻ കനാലിലൂടെ എത്തുന്ന വെള്ളത്തിന്റെ ഒരുഭാഗം വടുവൻ തോട്ടിൽ കെട്ടി നിർത്തിയാണ് അയ്യൻപട്ക്കയിൽ വെള്ളക്കെട്ടുണ്ടാക്കുന്നത്.
ഈ അനധികൃത തടയണമൂലം മെയിൻ കനാലിൽ നിന്ന് വടുവൻ തോട്ടിലേക്കും അവിടെ നിന്ന് കൈതോട് വഴി ഇറിഗേഷൻ ജലം തൊമ്മാന കൃഷിഭവൻ കുളത്തിലും എത്താത്തതിനാൽ വേളൂക്കര പഞ്ചായത്തിലെ കൃഷിപണികളെല്ലാം നിർജീവമാണ്.
വേളൂക്കര അഞ്ചാം വാർഡ് ഗ്രാമസഭ ഈ വിഷയം ചർച്ച ചെയ്ത് അടിയന്തിര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടു. കർഷകരുടെ പരാതിയെ തുടർന്ന് ചാലക്കുടി ഇറിഗേഷൻ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നിജസ്ഥിതി വിലയിരുത്തിയിരുന്നു.
അയ്യൻപട്ക്കയിൽ നിന്നെത്തുന്ന കനാൽ വെള്ളവും ചെമ്മീൻ ചാൽ വെള്ളവും വേളൂക്കര പഞ്ചായത്തിലെ തൊമ്മാന, കല്ലംതോട് വാട്ടർ ഷെഡുകളിലെ കുളങ്ങളിലും ചിറകളിലും ഒക്ടോബർ മുതൽ ഏപ്രിൽ വരെ ജലസമൃദ്ധി ഉണ്ടാക്കുക എന്നതാണ് കർഷകർ വിഭാവനം ചെയ്യുന്ന പുതിയ പദ്ധതി.
ഈ പദ്ധതി നടപ്പിലാക്കാൻ പത്തംഗ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. സി.ടി. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. കെ.കെ. വിനയൻ, പാടശേഖര സെക്രട്ടറിമാരായ റോയ് പുല്ലോക്കാരൻ, ടോം കിരൺ, കർഷകസംഘം നേതാക്കളായ എ.എസ്. മാധവൻ, എ.കെ. നാരായണൻ, എം.കെ. വിജയൻ, കെ.വി. അരവിന്ദൻ എന്നിവർ പ്രസംഗിച്ചു.
്