മഞ്ചേരി: മഞ്ചേരിയിൽ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യ കൃഷി ഭവൻ കം ഷോപ്പിംഗ് കോംപ്ലക്സ് മൂന്നു വർഷമായി നോക്കുകുത്തിയായി തുടരുന്നു.മഞ്ചേരി നഗരസഭ കോടികൾ മുടക്കി നിർമിച്ച കെട്ടിടം 2015 ഓഗസ്റ്റ് 31ന് അന്നത്തെ കൃഷി മന്ത്രിയായിരുന്ന കെ.പി.മോഹനനാണ് ഉദ്ഘാടനം ചെയ്തത്. 2015 സെപ്റ്റംബർ 15നകം കൃഷി അസിസ്റ്റന്റിനെ നിയമിക്കുമെന്നും ബയോ ഇൻപുട്ട് കേന്ദ്രം, പരിശോധന ലാബ് എന്നിവ സ്ഥാപിക്കുമെന്നും ഉദ്ഘാടന വേളയിൽ മന്ത്രി ഉറപ്പു നൽകിയിരുന്നു.
എന്നാൽ അധികൃതരുടെ അവഗണന മൂലം കേന്ദ്രം മൂന്നു വർഷത്തോളമായി അടഞ്ഞു കിടക്കുകയാണ്.മന്ത്രിയും പ്രഖ്യാപനങ്ങളും ജലരേഖയായി തുടരുകയാണ്. നഗരസഭയുടെ തനത് വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യവുമായി ആരംഭിച്ച ഷോപ്പിംഗ് കോംപ്ലക്സ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകാത്തതിനാൽ വ്യാപാരികളും ഏറ്റെടുക്കാൻ തയാറാകുന്നില്ല.
2016ൽ ഓണചന്ത നടത്തിയെന്നതൊഴിച്ചാൽ പിന്നീട് കെട്ടിടം മറ്റൊന്നിനും ഉപയോഗിച്ചില്ല. കൃഷി ഭവൻ കം ഷോപ്പിംഗ് കോംപ്ലക്സിൽ വെള്ളവും വെളിച്ചവും ലഭ്യമാക്കിയതു ഈയിടെയാണ്. സാമൂഹികദ്രോഹികൾ ഇടത്താവളമാക്കിയിക്കുകയാണ് കേന്ദ്രം. ദീർഘകാലം നിലന്പൂർ റോഡിലെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന മഞ്ചേരി കൃഷി ഭവൻ മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തതോടെ കച്ചേരിപ്പടിയിലേക്ക് മാറ്റുകയായിരുന്നു.
അസൗകര്യങ്ങളുടെ നടുവിലാണ് കർഷകരുടെ അത്താണിയായ കേന്ദ്രം ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്. കാർഷിക വികസനത്തിന് സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചിട്ടും യഥാസമയം വിനിയോഗിക്കാതെ നാടിന്റെ നെടുംതൂണായ കർഷകരെ അവഗണിക്കുന്ന നടപടികളിൽ നിന്ന് നഗരസഭ പിന്മാറണമെന്നാണ് കൃഷിക്കാരുടെ താത്പര്യം. പുതിയ കെട്ടിടത്തിലേക്ക് കൃഷി ഭവൻ മാറ്റുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് നഗരസഭാ ഉപാധ്യക്ഷൻ വി.പി.ഫിറോസ് പറഞ്ഞു.
പഴയ ഓഫീസിൽ നിന്നും ഫർണ്ണീച്ചറും മറ്റു സാമഗ്രികളും പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ ആവശ്യപ്പോൾ ചുമട്ടു തൊഴിലാളികൾ 20000 രൂപയാണ് ആവശ്യപ്പെട്ടത്. സാധനങ്ങൾ മാറ്റുന്നതിനു മാത്രം ഇത്രയും വലിയ തുക അനുവദിക്കാനാവില്ലെന്ന അധികൃതരുടെ നിലപാട് ഓഫീസ് മാറ്റം വീണ്ടും അനിശ്ചതത്വത്തിലേക്ക് നീക്കുകയാണ്.