വടക്കാഞ്ചേരി: കർഷകരുടെ ഉന്നമനത്തിനായി തെക്കുംകര പഞ്ചായത്തിൽ കൃഷി വകുപ്പ് വാങ്ങി കൂട്ടിയ യന്ത്രങ്ങൾ തുരുന്പെടുത്ത് നശിക്കുന്നു. തെക്കുംകര പഞ്ചായത്ത്കഴിഞ്ഞ യു.ഡി.എഫ്.സർക്കാരിന്റെ കാലത്ത് കർഷകരെ സഹായിക്കാനും, പുതിയ തലമുറയെ കാർഷിക മേഖലയിലേക്ക് ആകർക്ഷിക്കുന്നതിനുമായിനടപ്പാക്കിയ പ്രത്യേക പദ്ധതി പ്രകാരം ലക്ഷങ്ങൾ മുടക്കി വാങ്ങി കൂട്ടിയ കാർഷികയന്ത്രങ്ങളാണ് വെയിലും മഴയും കൊണ്ട് തുരുന്പെടുത്ത് നശിക്കുന്നത്.കഴിഞ്ഞ സർക്കാർ ജില്ലയിൽ രണ്ടു സ്ഥലങ്ങളിൽ പദ്ധതികൾക്ക് അനുമതി നൽകിയിരുന്നു.
അതിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തും, പഴയന്നൂർ പഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പാക്കിയിരുന്നത്.കൃഷിഭവനുകൾക്കു വേണ്ടി ആഗ്രോ സർവീസ് സെന്റർ എന്ന സ്ഥാപനമാണ് യന്ത്രങ്ങൾ സപ്ലൈ ചെയ്തത്. ട്രാക്റ്ററുകൾ, നടിൽ യന്ത്രങ്ങൾ, ട്രില്ലറുകൾ, കൊയ്ത്തുയന്ത്രങ്ങൾ, നെല്ല് വ്യത്തിയാക്കിയെടുക്കാനുള്ള യന്ത്രങ്ങൾ എന്നിങ്ങനെയുള്ളയന്ത്രങ്ങളാണ് നശിച്ചു കൊണ്ടിരിക്കുന്നത്.
2014-ൽ യു.ഡി.എഫ്.സർക്കാർ 25 ലക്ഷം രൂപ ചെലവഴിച്ചാണ് അന്ന് യന്ത്രങ്ങൾ വാങ്ങിക്കൂട്ടിയത്. യന്ത്രങ്ങൾ സൂക്ഷിക്കാൻ പ്രത്യേകഷഡും നിർമ്മിച്ചിരുന്നു. വിത്തു വിതച്ച് കൊയ്തടുക്കുന്നതു വരെയുള്ള പ്രവർത്തനങ്ങൾ സുഗമമായി നടത്താനുദ്യേശിച്ചായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിനായി കർഷകർക്ക് പരിശീലനവും നൽകിയിരുന്നു.മന്ത്രിയായിരുന്ന സി.എൻ.ബാലകൃഷ്ണൻ മുൻകൈ എടുത്താണ് കാർഷിക മേഖലയായ തെക്കുംകര പഞ്ചായത്തിൽ പദ്ധതി ആരംഭിച്ചത്.
തെക്കുംകര പഞ്ചായത്തിൽ കെ.എസ്.ഇ.ബി.ഓഫീസ് കെട്ടിടം നിൽക്കുന്ന സ്ഥലത്താണ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്നത്. എന്നാൽ പ്രദേശത്ത് പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിനാൽ ജെ.സി.ബി. ഉപയോഗിച്ചാണ് യന്ത്രങ്ങൾ തള്ളി നീക്കി പുറത്തെട്ടിരിക്കുന്നത്. അതു കൊണ്ടു തന്നെ മഴയും, വെയിലും കൊണ്ട് നശിച്ചു കൊണ്ടിരിക്കുകയാണ് ഈ യന്ത്രങ്ങൾ.
കൃഷി വകുപ്പിനു ഉപയോഗിക്കാൻ കഴിയില്ലെങ്കിൽ ലേലം ചെയ്തു വിൽക്കണമെന്നാണ് കർഷകരുടെ ആവശ്യം. യന്ത്രങ്ങൾ നശിക്കുന്നതിൽ കർഷകർ പ്രതിഷേധത്തിലാണ്. തെക്കുംകര പഞ്ചായത്തിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതിവന്ന ശേഷമാണ് പദ്ധതിയോട് കടുത്തഅവഗണന ഉണ്ടായതെന്നും പരാതി ഉയരുന്നുണ്ട്.
കൃഷി വകുപ്പ് മന്ത്രിയുടെ ജില്ലയിൽ തന്നെ കാർഷിക മേഖലയെ തകർക്കുന്ന ഈ നടപടികൾ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.