സ്വന്തം ലേഖകൻ
പുതുക്കാട്: പുതുവർഷത്തിൽ കൃഷ്ണജിത്ത് ആശംസകൾ നേരുന്നത് വെറും വാക്കുകൾ കൊണ്ടല്ല…സ്വന്തം ജീവിതം കാണിച്ചു തന്നുകൊണ്ടാണ്..ചക്രക്കസേരയിലിരുന്ന് കൃഷ്ണജിത്ത് എന്ന പന്ത്രണ്ടു വയസുകാരൻ കഥയെഴുതുന്പോൾ ഈ കൊച്ചുകഥയെഴുത്തുകാരന്റെ ജീവിതം തന്നെ പുതുവർഷത്തിൽ പ്രത്യാശ പകരുന്ന കഥ പോലെ….
ജ·നാ സെറിബ്രൽ പാൾസി ബാധിച്ച് കൈകാലുകൾക്ക് ചലനവൈകല്യവും സംസാരശേഷിയും കുറവായ കൃഷ്ണജിത്ത് ഒരു മാസം കൊണ്ട് എഴുതിയ പതിമൂന്നു കഥകൾ പുസ്തകമായി പുറത്തിറങ്ങിക്കഴിഞ്ഞു. പുതുവർഷത്തിൽ പുതിയ കഥകളെഴുതി അടുത്ത പുസ്തകമിറക്കാനുള്ള ഒരുക്കത്തിലാണ് കൃഷ്ണജിത്ത്.
മൊബൈൽ ആപ്പിന്റെ സഹായത്തോടെയാണ് ചെങ്ങാലൂർ രണ്ടാംകല്ല് സ്വദേശി വാലിപ്പറന്പിൽ പ്രമോദ്-ജിഷ ദന്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളായ കൃഷ്ണജിത്ത് തന്റെ മനസിലെ കഥകൾക്ക് രൂപം നൽകുന്നത്.
ചെങ്ങാലൂർ സെൻറ് മേരീസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് കൃഷ്ണജിത്ത്. ലോക്ഡൗണിൽ ടിവിക്ക് മുന്നിലിരിപ്പുറപ്പിച്ച കൃഷ്ണജിത്തിന് അച്ഛൻ വാങ്ങിക്കൊടുത്ത മൊബൈൽ ഫോണാണ് കഥയെഴുത്തിന്റെ ലോകത്തേക്ക് ഈ കൊച്ചുമിടുക്കനെ മാറ്റിയത്.
ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ആപ്പിൽ മകൻ അവ്യക്തമായി എന്തൊക്കെയോ പറയുന്നത് അച്ഛനും അമ്മയും ശ്രദ്ധിച്ചപ്പോഴാണ് മകൻ പറയുന്നത് കഥകളാണെന്ന് അവർക്ക് മനസിലായത്.
വ്യക്തമല്ലാത്ത ആ ചെറുബാല്യക്കാരന്റെ വാക്കുകൾ ആപ്പിലൂടെ പുറത്തുവന്നപ്പോൾ അവയ്ക്ക് ലക്ഷണമൊത്ത കഥകളുടെ രൂപവും ഭാവവുമുണ്ടായിരുന്നു. കൊച്ചുകുട്ടിയുടെ നിഷ്കളങ്കത കഥകളിലെല്ലാം നിറഞ്ഞുനിന്നിരുന്നു.
ഈ കഥകളെല്ലാം ചെങ്ങാലൂർ ഓട്ടിസം പാർക്കിലെ അധ്യാപികയായ ലിൻസിക്ക് ഇവർ അയച്ചുനൽകി. വൈകല്യങ്ങളെ തോൽപിച്ച് കഥയെഴുതിയ കൃഷ്ണജിത്തിന്റെ അക്ഷരമികവുകൾ പുസ്തമാക്കാൻ കൊടകര ബിആർസി തീരുമാനിക്കുകയായിരുന്നു. മാലാഖ പെണ്കുട്ടി എന്ന് പേരിട്ട പുസ്തകം കഴിഞ്ഞ ഭിന്നശേഷി ദിനത്തിൽ ബിആർസി പുറത്തിറക്കി.
മാലാഖ പെണ്കുട്ടി, പ്രേതത്തിന്റെ പ്രതികാരം, കുട്ടിക്കാലം തുടങ്ങി 13 കഥകളും കൃഷ്ണജിത്ത് നൽകിയപോലെ തന്നെ പുസ്തകത്തിലും പകർത്തുകയായിരുന്നു.