പള്ളുരുത്തി: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ അനാഥക്കുട്ടികളെ കൃഷ്ണനായും രാധികമാരായും അണിനിരത്തി സിസ്റ്റർ ഫബിയോള ഫാബ്രി നടത്തിയ ശോഭായാത്ര കൊച്ചിക്കാർക്ക് വേറിട്ട അനുഭവമായി. മതവും ജാതിയും അറിയാത്ത, ജന്മം നൽകിയ അച്ഛനെയും അമ്മയേയും പോലും തിരിച്ചറിയാത്ത ബീച്ച് റോഡിലുള്ള ആശ്വാസ് ഭവനിലെ ബാല്യങ്ങളെയാണ് കൃഷ്ണനായും രാധികമാരായും അണിയിച്ചൊരുക്കിയത്.
തെരുവിൽനിന്ന് കണ്ടെടുക്കുന്ന കുഞ്ഞുങ്ങളെയും സർക്കാർ അഭയ കേന്ദ്രങ്ങളിൽനിന്ന് ഏൽപ്പിക്കുന്ന കുട്ടികളെയുമാണ് ആശ്വാസ് ഭവനിൽ സിസ്റ്റർ ഫബിയോളയുടെ നേതൃത്വത്തിൽ സംരക്ഷിച്ചുപോരുന്നത്.
അപ്പോസ്തോലിക് സിസ്റ്റേഴ്സ് ഓഫ് കണ്സോറ്റ എന്ന ഇറ്റലി ആസ്ഥാനമായ ക്രൈസ്തവ സന്യസ്ത സഭ കേരളത്തിൽ ശാഖ ആരംഭിച്ചപ്പോൾ ജന്മദേശമായ ഇറ്റലിയിൽനിന്നാണ് സിസ്റ്റർ കൊച്ചിയിലെത്തിയത്. 65 കുട്ടികളും നാല് കന്യാസ്ത്രീകളും 25ഓളം സഹായികളും അടങ്ങുന്നതാണ് ആശ്വാസ് ഭവൻ.