ജനസേവയിലെ ബാലനു ബന്ധുക്കളെ തിരിച്ചുകിട്ടി; മാതാപിതാക്കള്‍ മരിച്ചതനുശേഷം വീട്ടുപ്രശ്‌നങ്ങള്‍ മൂലം നാട്ടുവിടുകയായിരുന്നു; ഒടുവില്‍ 5 വര്‍ഷത്തിനുശേഷം തിരികെ ബന്ധുക്കളുടെ അടുത്തേക്ക്

KKD-KRISHNAആലുവ: ജനസേവ ശിശുഭവന്‍ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന കോല്‍ക്കത്ത സ്വദേശിയായ അനാഥബാലന്‍ കൃഷ്ണനായിക്കിനെ അഞ്ചുവര്‍ഷത്തിനുശേഷം വീട്ടുകാര്‍ക്കൊപ്പമെത്തിച്ചു. കണ്ണിനു ഭാഗികമായി മാത്രം കാഴ്ചശക്തിയുള്ള കൃഷ്ണനായിക്ക് ജനസേവയുടെ മേല്‍നോട്ടത്തില്‍ കീഴ്മാട് അന്ധവിദ്യാലയം സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിച്ചുവരികയായിരുന്നു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണു ബംഗാളിലെ ഹാസിമാരാ ഗ്രാമത്തിലെ കൃഷ്ണയുടെ വീട് കണെ്ടത്തിയത്.

ജനസേവ പിആര്‍ഒ ജോണിനൊടൊപ്പം ബംഗാളിലെത്തിയ കൃഷ്ണനായിക്കിനെ സ്ഥലം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി.ടി. ഗുട്ടിയയുടെയും പഞ്ചായത്ത് മെമ്പര്‍ ലളിത് റ്റോപ്പോയുടെയും സാന്നിധ്യത്തില്‍ ബന്ധുക്കള്‍ക്കു കൈമാറി. 2011 ഒക്‌ടോബറിലാണു കോല്‍ക്കത്ത സ്വദേശിയായ ഈ അനാഥബാലന്റെ സംരക്ഷണം ജനസേവ ശിശുഭവന്‍ ഏറ്റെടുത്തത്.

ആലുവ കമ്പനിപ്പടി ഭാഗത്തു തെരുവില്‍ അലഞ്ഞുനടന്നിരുന്ന ഈ ബാലനെക്കുറിച്ചു നാട്ടുകാരാണ് ജനസേവ ചെയര്‍മാന്‍ ജോസ് മാവേലിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ ജനസേവയില്‍ എത്തിക്കുകയായിരുന്നു. ബംഗാള്‍ സ്വദേശിയായ കൃഷ്ണനായിക്കിന്റെ മാതാപിതാക്കള്‍ ചെറുപ്പത്തിലേ മരിച്ചുേേപയി. അതിനുശേഷം പിതാവിന്റെ അകന്ന ബന്ധുക്കളോടൊപ്പമായിരുന്നു താമസം. വീട്ടിലെ പ്രശ്‌നങ്ങളുടെ പേരില്‍ 2011ല്‍ കൃഷ്ണനായിക്ക് നാടുവിട്ടു. കേരളത്തിലേക്കുള്ള ട്രെയിനില്‍ കയറിയ കൃഷ്ണനായിക്ക് ആലുവ റെയില്‍വേസ്റ്റേഷനിലാണ് ഇറങ്ങിയത്.

ഹിന്ദി അവ്യക്തമായി മാത്രം സംസാരിച്ചിരുന്ന ബാലനില്‍നിന്നു വീട്ടുകാരെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞിരുന്നില്ല. ജനസേവ ശിശുഭവന്‍ സംരക്ഷണം ഏറ്റെടുത്ത കൃഷ്ണനായിക്ക് ആദ്യം ജനസേവ ഇംഗ്ലീഷ് മീഡിയം സ്കൂളിലും പിന്നീട് കീഴ്മാട് അന്ധവിദ്യാലയത്തിലും വിദ്യാഭ്യാസം തുടരുകയായിരുന്നു.

2016 മേയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം കൃഷ്ണനായിക്കിനെ കാഴ്ചവൈകല്യമുള്ളവരെ സംരക്ഷിക്കുന്ന പാലക്കാടുള്ള കൃഷ്ണജ്യോതി സ്വാശ്രയ കേന്ദ്രത്തിലേക്കു മാറ്റിയെങ്കിലും ജനസേവ ശിശുഭവനിലെ കൂട്ടുകാരെ പിരിയാന്‍ മനസ് വരാത്തതിനാല്‍ ഒളിച്ചോടിപോരികയായിരുന്നു.

ജനസേവ ശിശുഭവനില്‍ തുടരാന്‍ കഴിയില്ലെങ്കില്‍ നാട്ടിലെ ബന്ധുക്കളുടെ അടുത്ത് തന്നെ എത്തിക്കണമെന്ന കുട്ടിയുടെ നിര്‍ബന്ധത്തിനുവഴങ്ങിയാണു ജനസേവ അധികൃതര്‍ കൃഷ്ണനായിക്കിനെ ബംഗാളിലുള്ള സ്വന്തക്കാര്‍ക്കു കൈമാറാനുള്ള തീരുമാനം കൈക്കൊണ്ടത്. ഈവര്‍ഷം കൊല്ലത്തു നടന്ന 18-ാമത് സ്‌പെഷല്‍ സ്കൂള്‍ ശാസ്‌ത്രോവത്തില്‍ കുട നിര്‍മാണത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും കൃഷ്ണനായിക്ക് കരസ്ഥമാക്കി യിരുന്നു.

Related posts