എം. രാജീവൻ
കൂത്തുപറമ്പ്: പ്രദേശത്തെ വീടുകളിലും മറ്റും നിത്യ സന്ദർശകനായിരുന്ന കൃഷ്ണപ്പരുന്തിന് അപ്രതീക്ഷിതമായുണ്ടായ അപകടം നാടിന്റെയാകെ നൊമ്പരക്കാഴ്ചയായി. കഴിഞ്ഞ രണ്ടു മാസത്തിലേറെയായി പാച്ചപൊയ്കക്കടുത്ത് ചാത്തൻമുക്കിലെ നിത്യ സന്ദർശകനായിരുന്നു കൃഷ്ണ പരുന്ത്. പതിവു പോലെ വട്ടമിട്ട് പറന്നെത്തുന്നതിനിടെയാണ് ഇന്നലെ രാവിലെ റോഡരികിലെ ട്രാൻസ്ഫോർമറിൽ നിന്നും പരുന്തിന് ഷോക്കേറ്റത്. പുലർച്ചെ പാൽ വാങ്ങാനും മറ്റും എത്തിയവരാണ് റോഡരികിൽ പരുന്ത് അവശനിലയിൽ കിടക്കുന്നതായി കണ്ടത്.
വാർത്ത പലരേയും നൊമ്പരപ്പെടുത്തുക തന്നെ ചെയ്തു. എന്നും രാവിലെ ഏഴരയോടെ പരുന്ത് ആകാശത്ത് വട്ടമിട്ട് വീട്ടുകാരെ തേടി പറന്നിറങ്ങുകയായിരുന്നു പതിവ്. പതിവായി എത്തുന്ന മത്സ്യ വിൽപനക്കാരൻ നീട്ടി നൽകുന്ന മത്സ്യം കൈയ്യിൽ നിന്നും കൊത്തിയെടുത്ത് ഭക്ഷിക്കും.വീടുകളിലും വിരുന്നെത്തുന്ന പരുന്ത് വീട്ടിലെ ഒരംഗത്തെ പോലെ ഇടപെഴകുമായിരുന്നു. അതിനാൽ കുട്ടികൾക്ക് പോലും ഇവനെ പേടിയില്ലാതായി.ഇതിനിടെയാണ് പതിവുപോലെ പറന്നിറങ്ങുന്നതിനിടയിൽ റോഡരികിലെ വൈദ്യുത ട്രാൻസ്ഫോർമറിലിടിച്ച് പരുന്തിന് ഷോക്കേറ്റത്.
പരുന്തിന്റെ ദയനീയ അവസ്ഥ മനസിലാക്കിയ നാട്ടുകാർ പിന്നെ മറ്റൊന്നും ആലോചിക്കാതെ ഇതിനെ എങ്ങിനെ രക്ഷിക്കാനുള്ള ശ്രമത്തിലായി. വെള്ളം നൽകിയും പരിക്കേറ്റ ഭാഗത്ത് തടവിയും മറ്റും ഇവർ പരുന്തിന് സാന്ത്വനമേകി. ഒടുവിൽ ഇവരുടെ ശ്രമം വിഫലമായില്ല.
ചിറകുകൾ വിരിച്ച് പരുന്ത് സാവധാനം സമീപത്തെ മരക്കൊമ്പിലേക്ക് പറന്നു പോയി ഇരുന്നു.പിന്നെ പതിയെ പതിയെ ഉയരങ്ങളിലേക്ക് പറന്നു. ഇവർക്ക് ഉറപ്പുണ്ട്, തങ്ങൾ പകർന്നു നൽകിയ കരുതലും സ്നേഹവും തിരികെ തരാൻ അടുത്ത ദിവസങ്ങളിലും കൃഷ്ണ പരുന്ത് ഇവിടേക്ക് പറന്നെത്തുമെന്ന്.