ആലപ്പുഴ: ആമയിട പട്ടിക വർഗ കോളനിയിലെ ദുരിത ജീവിതത്തിന് 15 ദിവസത്തിനുള്ളിൽ പരിഹാരം കാണുമെന്ന് ജില്ലാ കളക്ടർ വി. ആർ. കൃഷ്ണ തേജ പറഞ്ഞു.
കഴിഞ്ഞ ദിവസം കോളനി സന്ദർശിച്ച ശേഷമാണ് കളക്ടർ ഈ ഉറപ്പു നൽകിയത്.അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് ആമയിട തോപ്പിൽ, ശാന്തമംഗലം കോളനികളിലെ കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിത ജീവിതത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ടു ചെയ്തിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കളക്ടർ കോളനി സന്ദർശനത്തിനെത്തിയത്. കോളനിയിലെ ദുരിത ജീവിതം കളക്ടർ നേരിൽക്കണ്ടു ബോധ്യപ്പെട്ടു.
ഇതിന് ശേഷമാണ് 15 ദിവസത്തിനുള്ളിൽ പരിഹാരം കാണുമെന്ന് കളക്ടർ ഉറപ്പ് നൽകിയത്. ചെറിയ മഴപെയ്താൽ പോലും വലിയ വെള്ളക്കെട്ട് രൂപപ്പെടുന്ന കോളനിയിൽ അടിസ്ഥാന സൗകര്യങ്ങളും അധികൃതർ ലഭ്യമാക്കിയിട്ടില്ല.
ഓരോ വർഷവും കോടികൾ അനുവദിക്കുന്നുവെന്ന പ്രഖ്യാപനം ഉണ്ടാകുമ്പോഴും കോളനി വാസികളുടെ ദുരിത ജീവിതത്തിന് പരിഹാരമായിട്ടില്ല.