കാഞ്ഞിരപ്പള്ളി: നാടിനെ ദുഃഖത്തിലാക്കി കൃഷ്ണപ്രിയ വിടപറഞ്ഞു.
തമ്പലക്കാട് പാറയില്‍ ഷാജി-അനിത ദമ്പതികളുടെ മൂത്ത മകള്‍ കൃഷ്ണപ്രിയ (24) ആണ് ഇന്നലെ ഉച്ചയോടെ മരണമടഞ്ഞത്.
ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്കിയ ശേഷം അബോധാവസ്ഥിയിലായ യുവതി എറണാകുളത്ത് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
രണ്ടു ശസ്ത്രക്രിയകള്‍ക്ക് വിധേയ യായ കൃഷ്ണപ്രിയ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.
കൃഷ്ണപ്രിയയുടെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിന് നാട്ടുകാര്‍ ചേര്‍ന്ന് ധനസമാഹരണം നടത്തിയിരുന്നു.
എന്നാൽ, നാട്ടുകാരുടെ അകമഴിഞ്ഞ സഹായങ്ങൾക്ക് കൃഷ്ണപ്രിയയെ പിടിച്ചുനിർത്താനായില്ല. പ്രാർഥനകളും കാത്തിരുപ്പും ബാക്കിയാക്കി കൃഷ്ണപ്രിയ വിടപറഞ്ഞു.
ഒരു വര്‍ഷം മുന്‍പായിരുന്നു മൂവാറ്റുപുഴ ആയവന പാലനില്‍ക്കുംപറമ്പില്‍ പ്രവീണുമായി കൃഷ്ണപ്രിയയുടെ വിവാഹം.
മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ 29ന് സിസേറിയനിലൂടെ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്കി.
പിറ്റേന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട് അബോധവാസ്ഥയിലായ കൃഷ്ണപ്രിയയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ഗര്‍ഭപാത്രം എടുത്തുമാറ്റുന്നതുള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ നടത്തി.
വയറ്റില്‍ അണുബാധയുണ്ടായതിനെത്തുടര്‍ന്ന് രക്തസമ്മര്‍ദം കുറഞ്ഞ് സെപ്റ്റിക് ഷോക്ക് ഉണ്ടായത് വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു.
നാട്ടുകാരും സുമനസുകളും ചേര്‍ന്ന് പണം സമാഹരിച്ചതിനെത്തുടര്ന്ന് ജീവന് രക്ഷിക്കുന്നതിനുള്ള എല്ലാ ശ്രമവും നടത്തിയിരുന്നു.
എന്നാല്‍ പ്രതീക്ഷകള്‍ അവസാനിപ്പിച്ച് കൃഷ്ണപ്രിയ യാത്രയായി. ജനിച്ച ഇരട്ടകുട്ടികള്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍തന്നെ കഴിയുകയാണ്.
ഇന്ന് ഉച്ചയ്ക്ക് 12ഓടെ തമ്പലക്കാട്ടുള്ള വീട്ടില്‍ മൃതദേഹമെത്തിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍ സംസ്കാരം നടത്തും.