ചാത്തന്നൂർ : ഇസ്രേലി സ്വദേശിനി സത്വവയുടെ മരണം കൊലപാതകമാണെന്ന് പോലീസ്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൃഷ്ണചന്ദ്രനെതിരേ കൊലക്കുറ്റത്തിന് കേസെടുത്ത് ഇന്ന് ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്താനുമാണ് പോലീസ് നീക്കം.
സത്വവ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തതാണെന്നും ഒന്നിച്ച് ജീവനൊടുക്കാൻ ദിവസങ്ങൾക്ക് മുമ്പേ തീരുമാനമെടുത്തതാണെന്നും ആശുപത്രിയിൽ കഴിയുന്ന കൃഷ്ണചന്ദ്രൻ മൊഴി നല്കിയതായി പോലീസ് പറഞ്ഞിരുന്നു. എന്നാൽ ഈ മൊഴി പോലീസ് മുഖവിലയ്ക്കെടുക്കുന്നില്ല. കൃഷ്ണചന്ദ്രന്റെ രോഗങ്ങളാണ് ഒന്നിച്ച് ജീവനൊടുക്കാനുള്ള തീരുമാനത്തിന് കാരണമെന്നാണ് കൃഷ്ണചന്ദ്രൻ പറഞ്ഞത്.
ഇന്നലെ സത്വവ മരിച്ചു കിടന്നതും കൃഷ്ണചന്ദ്രൻ മുറിവേറ്റു കിടന്നതുമായ മുറി ഫോറൻസിക് വിഭാഗവും പോലീസും വിശദമായ പരിശോധന നടത്തി. സത്വയുടെ കഴുത്തിലെ ആഴത്തിലുള്ള മുറിവ് സ്വയം ഉണ്ടാക്കാനാവില്ലെന്ന നിഗമനത്തിലാണ് പോലീസ് . സത്വവയുടെ ദേഹത്ത് വേറെയും മുറിവുകളുണ്ടായിരുന്നു. സത്വവയെ കൊലപ്പെടുത്തിയ ശേഷം കൃഷ്ണചന്ദ്രൻ സ്വയം മുറിവുണ്ടാക്കുകയായിരുന്നു എന്നാണ് പോലീസ് നിലപാട്.
മുഖത്തല വെട്ടിലത്താഴം കോടാലി മുക്ക് തിരുവാതിരയിൽ താമസിക്കുന്ന കൃഷ്ണചന്ദ്രൻ (75) ആശുപത്രിയിൽ കഴിയുകയാണ്. കൃഷ്ണചന്ദ്രനൊപ്പം താമസിച്ചിരുന്ന ഇസ്രേലി സ്വദേശിനി സത്വവ (36) യാണ് മരിച്ചത്.
ദീർഘകാലം യോഗാധ്യാപകനായിരുന്ന കൃഷ്ണചന്ദ്രൻ അവിടെ വച്ചാണ് സത്വവയെ പരിചയപ്പെടുന്നത്. യോഗ പഠിക്കാനെത്തിയതായിരുന്നു സത്വവ, ഗുരു-ശിഷ്യ ബന്ധം ഭാര്യാ ഭർതൃ ബന്ധത്തിലെത്തുകയായിരുന്നു.