കോട്ടയം: അട്ടിമറിയിലൂടെ മുഖ്യമന്ത്രിസ്ഥാനം നേടാൻ കോടിയേരിയുടെ നേതൃത്വത്തിൽ കണ്ണൂർ ലോബി ശ്രമിക്കുന്നുവെന്നു ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. കൊട്ടാര വിപ്ലവമാണ് ഇപ്പോൾ സിപിഎമ്മിൽ നടക്കുന്നത്. മുഖ്യമന്ത്രി പിണറായി പരാജയമാണെന്നു വരുത്തിത്തീർക്കാനാണു കോടിയേരിയുടെ ശ്രമം. ഇതിനുദാഹരണമാണു കണ്ണൂരിൽ നടത്താനിരുന്ന സർവകക്ഷി സമ്മേളനം അട്ടിമറിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഏകപക്ഷീയമായി അഞ്ച് കൊലപാതകങ്ങൾ നടത്തി മുഖ്യമന്ത്രിയെപ്പോലും പരസ്യമായി ധിക്കരിക്കുകയായിരുന്നു സിപിഎം. നെയ്യാറ്റിൻകര, തിരുവനന്തപുരം, കണ്ണൂർ എന്നീ സംഭവങ്ങൾ ഇതിനുദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സർവകക്ഷിയോഗം നടക്കാനിരിക്കെ ഇത്തരത്തിൽ സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതു മുഖ്യമന്ത്രിയെ മോശക്കാരനായി വരുത്തി തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
സ്ത്രീകൾക്കുപോലും കേരളത്തിൽ ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്. രണ്ടാം വിമോചന സമരത്തിനുള്ള സാഹചര്യമാണു കേരളത്തിൽ നിലനില്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാഴുന്നവർക്കു വളയിടുന്നവരല്ല സാഹത്യകാരന്മാർ. ഇതു തെളിയിക്കേണ്ടത് ഇക്കൂട്ടർ തന്നെയാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.