
കൊടകര: കൃഷിയും ആൾപ്പാർപ്പുമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വെളിന്പറന്പുകൾ കുറഞ്ഞതോടെ കൃഷ്ണ കരീടം പോലുള്ള നാട്ടുപൂക്കൾ അപൂർവ കാഴ്ചയായി. തിരുവോണദിവസം പൂക്കളോടൊപ്പം പ്രതിഷ്ഠിക്കുന്ന തൃക്കാക്കരയപ്പന്റെ നെറുകിൽ ചൂടാൻ ഉപയോഗിക്കുന്ന ഈ പൂവ് ഇന്നു നഗരങ്ങളിൽ വിസ്മൃതിയിലാണ്.
പുറന്പോക്കുകളിലും ആൾപ്പാർപ്പില്ലാത്ത പുരയിടങ്ങളിലും കൂട്ടത്തോടെതഴച്ചുവളരുന്ന ഒരു ചെടിയാണ് കൃഷ്ണകിരീടം. ഹനുമാൻ കിരീടമെന്നും, ആറുമാസച്ചെടിയെന്നും ഇതിനുപേരുണ്ട്. നാട്ടുന്പുറങ്ങളിൽ പെരു എന്നും ഇതിനെ വിളിക്കുന്നു. പിരമിഡ് ആകൃതിയിലാണ് പൂക്കളുടെ വിന്യാസരീതി.
ബുദ്ധമതക്കാരുടെ പഗോഡയുടെ ആകൃതിയുള്ളതിനാൽ റെഡ് പഗോഡ എന്നാണ് ഇംഗ്ലീഷിൽ ഈ ചെടിയുടെ പേര്. വിദേശ ഇനമാണെങ്കിലും കേരളത്തിലെ നാട്ടുപൂക്കളുടെ പട്ടികയിൽ കൃഷ്ണ കിരീടമുണ്ട്.
കൃഷ്ണന്റെ തലയിൽ കിരീടമായി കുചേലൻ ഈ പൂവ് ചൂടിച്ചതാണ് കൃഷ്ണ
കിരീടമെന്നു പേരു വരാനിടയായതെന്ന് ഐതിഹ്യമുണ്ട്. ചില ക്ഷേത്രങ്ങളിൽ പൂജക്ക് ഈ പൂക്കൾ ഉപയോഗിക്കുന്നുണ്ട്. കൃഷ്ണകിരീടം പൂക്കൾ വിടർന്നാൽ ചിത്രശലഭങ്ങൾ കൂട്ടത്തോടെ എത്താറുണ്ട്. വിടർന്നുകഴിഞ്ഞാൽ ആഴ്ചകളോളം നിലനിൽക്കുമെന്നതാണ് ഈ പൂവിന്റെ പ്രത്യേകത.
മനോഹരമായ പൂക്കൾ എത്രയുണ്ടെങ്കിലും നാട്ടിൻപുറങ്ങളിലുള്ളവർക്ക് ഓണംകൊള്ളാൻ ഇന്നും കൃഷ്ണകിരീടം തന്നെ വേണം. എന്നാൽ ഈ പൂക്കൾ കിട്ടാനില്ലെന്നായതോടെ മറ്റു തരം പൂക്കളും പ്ലാസ്റ്റിക് പൂക്കളുമൊക്കെയാണ് തൃക്കാക്കരയപ്പനെ ചൂടിക്കാനുപയോഗിക്കുന്നത്.