കായംകുളം : വീടിന് സമീപം റോഡരികിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊലപാതകമെന്ന് സൂചന. രണ്ടുപേർ കസ്റ്റഡിയിൽ . പോലീസ് അന്വേഷണം ഊർജിതമാക്കി.
കായംകുളം പെരുങ്ങാല ഊടത്തിൽ മുക്കിനു സമീപം കൃഷ്ണാലയത്തിൽ കൃഷ്ണകുമാറി(45) നെയാണ് വീടിനു സമീപം റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ സ്ഥലത്ത് മദ്യപാനികളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ഇതു മൂലം വഴക്കുകൾ ഉണ്ടായാൽ സമീപവാസികൾ ഇവിടേക്ക് എത്താറില്ല.
പട്ടിക കഷണവും രണ്ട് ജോഡിചെരുപ്പും
ശനിയാഴ്ച രാത്രി 10 മണി ഓടെയാണ് കൃഷ്ണകുമാറിനെ അബോധാവസ്ഥയിൽ വീടിന് മുൻവശത്തെ റോഡരുകിൽ കിടക്കുന്നത് നാട്ടുകാർ കണ്ടത്.
ബന്ധുക്കളും നാട്ടുകാരും കൂടി നഗരസഭ കൗൺസിലറുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
വിവരമറിയിച്ചതിനെതൂടർന്ന് പോലീസ് സ്ഥലത്തെത്തി വിശദമായപരിശോധന നടത്തി. പരിശോധനയിൽ സംഭവ സ്ഥലത്തിനടുത്തുനിന്ന് പട്ടിക കഷണവും രണ്ട് ജോഡിചെരുപ്പും ഒരു തോർത്തും കണ്ടെടുത്തു..
മദ്യപിച്ച് വാക്കുതർക്കം?
മെക്കാനിക്കൽ ജോലിയാണ് കൃഷ്ണകുമാറിന്. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും കുറച്ചു ദിവസം മുമ്പ് അവരുടെ വീട്ടിലേക്ക് പോയിരുന്നതിനാൽ ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം.
സംഭവ ദിവസം ജോലികഴിഞ്ഞ് കൃഷ്ണകുമാർ ഭാര്യയുടെവീട്ടിലെത്തി. രാത്രി കഴിക്കാനുള്ള ഭക്ഷണവുമായാണ് സ്വന്തം വീട്ടിലേക്ക് വന്നത്.
രാത്രിയിൽ ഇവിടെ ബഹളം കേട്ടതായി പറയുന്നെങ്കിലും മദ്യപാനികളെ ഭയന്ന് സമീപവാസികൾ ആരും ഇവിടേക്ക് വന്നില്ല.
കൃഷ്ണകുമാർ വീട്ടിലേക്ക് വന്നപ്പോൾ മദ്യപിച്ച് നിന്നവരുമായി വാക്കുതർക്കമുണ്ടാകുകയും പിന്നീട്, വീട്ടിലെത്തി ഭക്ഷണവും ബൈക്കും അവിടെവെച്ച ശേഷം വീണ്ടും തർക്കമുണ്ടായ ഭാഗത്തേക്ക് പോയതാകാമെന്നും പോലിസ് സംശയിക്കുന്നു.
വിശദ പരിശോധന
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മണംപിടിച്ച് പോലീസ് നായ അങ്കണവാടിക്ക് മുൻവശത്തു നിന്നും റോഡിലൂടെ കുറെ ദൂരം ഓടി.
പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ശരണ്യയാണ് കൃഷണ്കുമാറിന്റെ ഭാര്യ. മക്കൾ. സൂര്യ, ആകാശ്. മൃതദ്ദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ.