മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ മലയാളിയുടെ അബുദാബിയിലെ പണി പോയി! ചെയ്ത തെറ്റിന് ശിക്ഷ ലഭിച്ചു, ഉടന്‍ നാട്ടിലേയ്ക്ക് മടങ്ങുമെന്നും കൃഷ്ണകുമാര്‍ നായര്‍

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മലയാളിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇയാളെ ഉടനെ നാട്ടിലേയ്ക്ക് അയയ്ക്കുമെന്നും അറിയുന്നു. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓയില്‍ കമ്പനിയിലെ റിഗ്ഗ് സൂപ്പര്‍വൈസര്‍ കോതമംഗലം സ്വദേശി കൃഷ്ണകുമാര്‍ നായര്‍ (56) ആണ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കുന്ന വിഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് അബദ്ധത്തില്‍ ചാടിയത്.

താന്‍ ആര്‍എസ്എസുകാരനാണെന്നും ഉടന്‍ ജോലി ഉപേക്ഷിച്ച് ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടി നാട്ടിലെത്തി മുഖ്യമന്ത്രിയെ കൊലപ്പെടുത്തുമെന്നുമാണ് ഇയാള്‍ തന്റെ ആദ്യ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

എന്നാല്‍ പിന്നീട് രണ്ടാമതൊരു തവണകൂടി ലൈവിലെത്തുകയും താന്‍ പറഞ്ഞത് തെറ്റായി പോയെന്നും തന്നോട് ക്ഷമിക്കണമെന്നും മദ്യ ലഹരിയില്‍ പറഞ്ഞതാണെന്നും മേലില്‍ ഇതാവര്‍ത്തിക്കില്ലെന്നും ഇയാള്‍ പറഞ്ഞു.

നിയമം അനുശാസിക്കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും പറഞ്ഞിരുന്നു. മൂന്നാമത്തെ ലൈവിലാണ് താന്‍ ചെയ്ത തെറ്റിന് തനിക്ക് ശിക്ഷ ലഭിച്ചു എന്നും എന്റെ ജോലി പോയെന്നും അറിയിച്ച് ഇയാള്‍ എത്തിയിരിക്കുന്നത്.

സിപിഎംകാരെ ഭയന്ന് ഞാന്‍ ആര്‍എസ്എസ് അല്ലെന്ന് പറഞ്ഞിരുന്നു. സഖാക്കള്‍ ആണെങ്കിലും എന്റെ പ്രായം കണക്കില്‍ എടുത്ത് അവര്‍ എന്നോട് മാന്യമായി തന്നെയാണ് പെരുമാറിയത്. മദ്യ ലഹരിയില്‍ അങ്ങിനെ ഒരു വലിയ തെറ്റ് പറ്റി പോയി. സഹായത്തിനായി ഒരുപാട് ബിജെപിആര്‍എസ്എസ്സുകാരെ വിളിച്ചെകിലും ആരും സഹായിച്ചില്ല.

ചെറുപ്പം മുതലേ ഒരു ആര്‍എസ്എസ്‌കാരന്‍ ആണ് ഇനി മരണം വരെയും ഞാന്‍ ഒരു ആര്‍എസ്എസ്സുകാരന്‍ ആയിരിക്കും. ഇന്ന് രാവിലെ കമ്പനിയില്‍ ചെന്നപ്പോഴാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി അറിഞ്ഞത്. എല്ലാ തെറ്റിനും മാപ്പ്. കൃഷ്ണകുമാര്‍ നായര്‍ പറഞ്ഞു. മാസം രണ്ടുലക്ഷം രൂപ ശമ്പളം വാങ്ങുന്നയാളണ് താനെന്ന് ഇയാള്‍ ആദ്യ ലൈവില്‍ വ്യക്തമാക്കിയിരുന്നു.

Related posts