കടുത്തുരുത്തി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കോവിഡ് രോഗികൾക്കും മറ്റു രോഗികൾക്കും ആശുപത്രിയിലെത്താൻ സൗജന്യ വാഹനസൗകര്യവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്.
വൈക്കം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ബ്രഹ്മമംഗലം കൊച്ചുപുരയ്ക്കൽ കുമാരന്റെ മകൻ കെ.കെ. കൃഷ്ണകുമാർ (32) ആണ് ദുരിതം അനുഭവിക്കുന്ന രോഗികൾക്ക് സൗജന്യ യാത്രാ സഹായവുമായി കോവിഡ് കാലത്ത് രംഗത്ത് വന്നിരിക്കുന്നത്.
തികച്ചും സൗജന്യമായി രോഗികളെ ആശുപത്രിയിലെത്തിക്കുമെന്ന് കൃഷ്ണകുമാർ പറഞ്ഞു.
ആശുപത്രികളിൽനിന്നും രോഗികളെ വീട്ടിലെത്തിക്കുന്നതിനും ഇദ്ദേഹത്തിന്റെ സഹായം ലഭിക്കും. രോഗികളിൽനിന്നോ, രോഗികളുടെ ബന്ധുക്കളിൽനിന്നോ യാത്രാചെലവിനായി പണം കൈപ്പറ്റാറില്ല.
സുമനസുകളുടെ സഹായംകൊണ്ടാണ് വാഹനത്തിൽ ഇന്ധനം അടിക്കാനുള്ള പണം കണ്ടെത്തുന്നതെന്നും കൃഷ്ണകുമാർ പറയുന്നു.
കെപിഎംഎസ് സംസ്ഥാന കമ്മിറ്റിയംഗം കൂടിയാണ് ഇദ്ദേഹം. യൂബർ ടാക്സി ഡ്രൈവറായി ജോലി നോക്കുകയായിരുന്നു കൃഷ്ണകുമാർ, കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടതോടെയാണ് പുതിയ സേവന മേഖലയിലേക്കു തിരിഞ്ഞത്.
99614 02530 എന്ന നന്പരിൽ ബന്ധപ്പെട്ടാൽ കൃഷ്ണകുമാർ ടാക്സിയുമായെത്തും.
ലോക്ക്ഡൗണ്‍ കാലത്ത് സ്വകാര്യ വാഹനങ്ങൾ ലഭ്യമല്ലാത്തതും കോവിഡ് രോഗികളെ കയറ്റാൻ പലരും മടിക്കുന്നതും കൊണ്ടാണ് സാധാരണക്കാരായ രോഗികളെ സഹായിക്കാനായി താൻ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് കൃഷ്ണകുമാർ പറയുന്നു.