ഏറ്റുമാനൂർ: വീട്ടമ്മയുടെ സത്യസന്ധതയ്ക്ക് പോലീസിന്റെ ആദരം. കളഞ്ഞുകിട്ടിയ പത്തുപവന്റെ സ്വർണാഭരണങ്ങൾ പോലീസിൽ ഏൽപ്പിച്ച വീട്ടമ്മയുടെ മാതൃകാപരമായ നടപടിക്കാണ് പോലീസ് ആദരവ് നല്കിയത്. ഏറ്റുമാനൂർ അഖിൽ നിവാസിൽ കൃഷ്ണമ്മ ഹരിഹരനാണ് കളഞ്ഞുകിട്ടിയ സ്വർണാഭരണം പോലീസിനെ ഏൽപിച്ച് മാതൃക കാട്ടിയത്.
ഏറ്റുമാനൂർ ടൗണിലായിരുന്നു സംഭവം. ഓണംതുരുത്തു സ്വദേശി സുമാമോൾ ഫിലിപ്പിന്റെ സ്വർണാഭരണങ്ങളാണു നഷ്ടപ്പെട്ടത്. ഏറ്റുമാനൂർ ഫെഡറൽ ബാങ്കിന്റെ ശാഖയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 10 പവനോളം വരുന്ന സ്വർണാഭരണം തിരികെയെടുത്തതിനുശേഷം കോട്ടയത്തേക്ക് പോകുന്പോഴാണ് സ്വർണം സൂക്ഷിച്ചിരുന്ന ബാഗ് നഷ്ടപ്പെട്ടത്.
കൃഷ്ണമ്മയ്ക്ക് കളഞ്ഞുകിട്ടിയ സ്വർണമടങ്ങിയ ബാഗ് അവർ ഏറ്റുമാനൂർ നഗരസഭ അധ്യക്ഷൻ ജെയിംസ് പ്ലാക്കിത്തൊട്ടിലിനെ ഏൽപ്പിച്ചു. അധ്യക്ഷൻ ഏറ്റുമാനൂർ പോലീസിനു ബാഗ് കൈമാറി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ബാഗിന്റെ ഉടമ സുമാ മോളാണെന്ന് തിരിച്ചറിയുകയും സ്വർണം കൈമാറുകയും ചെയ്തു. കളഞ്ഞുകിട്ടിയ സ്വർണം തിരികെ നൽകി മാതൃക കാട്ടിയ കൃഷ്ണമ്മയെ ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രൻ മൊമന്റോ നൽകി ആദരിച്ചു.