തിരുവനന്തപുരം: ജീവിക്കാനോ മൂന്നു നേരം ഭക്ഷണത്തിനോ മരുന്നിനോ നിവൃത്തിയില്ലെന്നു പറഞ്ഞു ഭാരതി കൃഷ്ണൻ പൊട്ടിക്കരഞ്ഞു. ആശ്വസിപ്പിക്കാനെന്നോണം ഭർത്താവ് എൻ. കൃഷ്ണൻ ഭാരതിയുടെ കൈ പിടിച്ചുവെങ്കിലും അദ്ദേഹവും വിങ്ങിപ്പോയി.
അന്തരിച്ച മേജർ കെ. മനോജ് കുമാറിന്റെ അച്ഛനും അമ്മയും കൈകൂപ്പി, നിറകണ്ണുകളോടെ വനിതാ കമ്മീഷൻ അദാലത്തിൽ ഇരുന്നു. മകന്റെ വേർപാടിലും നൊമ്പരം അടക്കിപ്പിടിച്ചു നിന്നവരാണ് ഇവിടെ എല്ലാവർക്കും മുന്നിൽ ഉടഞ്ഞ മനസുമായി ഇരുന്നത്.
2016-ൽ പുൽഗാവിലുള്ള കേന്ദ്ര ആയുധസംഭരണ ഡിപ്പോയിലുണ്ടായ തീപിടിത്തത്തിലാണ് മേജർ കെ. മനോജ് കുമാർ മരിച്ചത്. ഇതേത്തുടർന്ന് 60 ലക്ഷം രൂപ ഇൻഷ്വറൻസ് ഇനത്തിൽ മേജറിന്റെ കുടുംബത്തിനു ലഭിച്ചു. ഭാര്യക്കും മകനും 20,10,000 രൂപ വീതവും മാതാപിതാക്കൾക്ക് 19,80,000 രൂപയുമാണ് അനുവദിച്ചത്. വയോധികരായ അച്ഛനും അമ്മയ്ക്കും ഈ തുക ലഭിക്കണമെങ്കിൽ മരുമകൾ ബീനയുടെ ഒപ്പുകൂടി വേണം.
ഇതിനായി പലവട്ടം മരുമകളുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും അവർ പണം നൽകാൻ കൂട്ടാക്കിയില്ലെന്നു മാത്രമല്ല ഇനിയൊരിക്കലും ഈ ആവശ്യവും പറഞ്ഞു തന്നെ ബുദ്ധിമുട്ടിക്കരുതെന്നു പറഞ്ഞെന്നും ഭാരതി പറഞ്ഞു.
ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശികളായ ഈ വൃദ്ധദമ്പതികൾ ഇപ്പോൾ തിരുവനന്തപുരം തിരുമലയിൽ വാടകയ്ക്കു താമസിക്കുകയാണ്. സംസ്ഥാന സർക്കാർ നൽകുന്ന 5000 രൂപയും കൃഷ്ണനു ലഭിക്കുന്ന തുച്ഛമായ പെൻഷൻ തുകയുമാണ് ഈ കുടുംബത്തിന്റെ ആശ്രയം.
മരുമകൾ എത്താത്തതിനാൽ അദാലത്തിൽ തീരുമാനമുണ്ടായില്ല. ഈ സാഹചര്യത്തിൽ വനിതാ കമ്മീഷൻ നേരിട്ട് മനോജ് കുമാർ സേവനമനുഷ്ഠിച്ചിരുന്ന ആർമി ഓഫീസിലേക്ക് അപേക്ഷ നൽകുമെന്നും അവർക്ക് അർഹതപ്പെട്ട തുക നേടുന്നതിനാവശ്യമായ സഹായങ്ങൾ ചെയ്യുമെന്നും അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു.
പൊള്ളുന്ന മനസുമായി എത്തിയ ദമ്പതികൾ മടങ്ങിയത് ആശ്വാസത്തിന്റെ തണലിലായിരുന്നു.
ഇന്നലെ തൈക്കാട് റസ്റ്റ് ഹൗസിൽ എം.സി. ജോസഫൈന്റെ അധ്യക്ഷതയിൽ നടന്ന വനിതാ കമ്മീഷൻ മെഗാ അദാലത്തിൽ 160 കേസുകളാണ് നിശ്ചയിച്ചിരുന്നതെങ്കിലും നാലു പരാതികൾ പിൻവലിച്ചു. 87 കേസുകളിൽ കമ്മീഷൻ തീർപ്പുണ്ടാക്കി. 59 കേസുകൾ അടുത്ത അദാലത്തിലേക്കു മാറ്റി.
ആറു കേസുകളിൽ വിവിധ വകുപ്പുകളുടെ റിപ്പോർട്ട് തേടുകയും നാലു കേസുകൾ കൗണ്സലിംഗിനു നൽകാൻ തീരുമാനിക്കുകയും ചെയ്തു. വനിത കമ്മീഷൻ അംഗങ്ങളായ ഇ.എം. രാധ, ഷിജി ശിവജി, ഡയറക്ടർ വി.യു. കുര്യാക്കോസ് എന്നിവർ അദാലത്തിനു നേതൃത്വം നൽകി.