വൈപ്പിൻ: എളങ്കുന്നപ്പുഴ പഞ്ചായത്ത് 22-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരേ കുറിപ്പെഴുതു ആത്മഹത്യചെയ്ത വി.കെ. കൃണന്റെ മകൻ എൽഡിഎഫ് സ്ഥാനാർഥിയാകും. ആത്മഹത്യാകുറിപ്പ് എഴുതി ഫെറിബോട്ടിൽ നിന്നും കായലിൽ ചാടി മരിച്ച 22-ാംവാർഡ് സിപിഎം അംഗമായിരുന്ന വി.കെ. കൃഷ്ണന്റെ മകൻ സന്പത്ത് കുമാർ മത്സരത്തിനിറങ്ങുന്നത്.
18നു നടക്കുന്ന കർത്തേടം ബാങ്ക് തെരഞ്ഞെടുപ്പിലും സന്പത്ത്കുമാർ ഇടതുപാനലിന്റെ സ്ഥാനാർഥിയാണ്. നേരത്തെ ഒരു സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ പേരാണ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി പറഞ്ഞു കേട്ടിരുന്നതെങ്കിലും അവസാനം സിപിഎം സന്പത്ത് കുമാറിനെ നിർത്താൻ തീരുമാനിക്കുകയായിരുന്നു.
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാന ദിനമായ 12 നു രാവിലെ സന്പത്ത്കുമാർ പത്രിക സമർപ്പിക്കും.
യുഡിഎഫിനു ഇനിയും സ്ഥാനാർഥിയായില്ലെന്നാണ് സൂചന. ഘടകകക്ഷിയായ കേരളാകോണ്‍ഗ്രസ് എമ്മിനാണ് ഈ സീറ്റ്.
ഇവിടെ നാലുസ്ഥാനാർഥികളെ ഇവർ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവസാന തീരുമാനം ആയില്ല. ഇതിനിടെ ഈ സീറ്റ് ഉപതെരഞ്ഞെടുപ്പിൽ മാത്രം കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും കേരളകോണ്‍ഗ്രസ് സമ്മതിച്ചില്ലത്രേ. അതേ സമയം ബിജെപി സ്ഥാനാർഥിയായി എം.പി. വിനോദ് ഇന്നലെ നാമനിർദേശ പത്രിക നൽകി.
പഞ്ചായത്ത് സെക്രട്ടറി മിജോയ് മൈക്കിൾ മുന്‍പാകെയാണ് പത്രക നൽകിയത്. 22-ാം വാർഡ് സ്ഥാനാർഥിയായിരുന്ന സിപിഎമ്മിലെ വി.കെ. കൃഷ്ണൻ ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 29നാണ് തെരഞ്ഞെടുപ്പ്.