വൈപ്പിൻ: സിപിഎം ലോക്കൽ കമ്മിറ്റിയെ പ്രതിസ്ഥാനത്താക്കി ആത്മഹത്യക്കുറിപ്പെഴുതി കൊച്ചി ഫെറിബോട്ടിൽ നിന്നും ചാടി മരിച്ച സിപിഎം നേതാവും എളങ്കുന്നപ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വി. കെ. കൃഷ്ണൻ ആത്മഹത്യ ചെയ്ത സംന്ധവത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ അന്വേഷണം തുടങ്ങി.
കമ്മീഷനു ലഭിച്ച പരാതിയിൽ ഇന്നലെ വൈസ് ചെയർമാൻ എൽ. മുരുകൻ മാലിപ്പുറത്ത് കൃഷ്ണന്റെ വസതിയിലെത്തി ഭാര്യ ഐഷയിൽ നിന്നും തെളിവെടുത്തു. തങ്ങളുടെ നഷ്ടം ഇനി നികത്താനാവില്ലെന്നും കുടുതൽ അന്വേഷണങ്ങൾക്ക് താല്പര്യമില്ലെന്നും ഇവർ കമ്മീഷൻ മുന്പാകെ അറിയിച്ചു.
അതേ സമയം ആത്മഹത്യക്കുറിപ്പടക്കം കേസ് സംബന്ധിച്ച രേഖകൾ ബന്ധപ്പെട്ടവരിൽ നിന്ന് ആവശ്യപ്പെടുമെന്നും ഇവ ലഭ്യമായ ശേഷം കമ്മീഷന്റെ നിലപാട് വ്യക്തമാക്കുമെന്നും വൈസ് ചെയർമാൻ പറഞ്ഞു.ബിജെപി ജില്ലാ സെക്രട്ടറി കെ. എസ്. ഷൈജു, മണ്ഡലം പ്രസിഡന്റ് വി. വി. അനിൽ, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ഉണ്ണികൃഷ്ണൻ, അംഗങ്ങളായ ആർ. സി. റോസിലിൻ, ടി. ആർ. കൈലാസൻ എന്നിവരും ഒപ്പമുണ്ടായിരുന്നു