പയ്യന്നൂര്‍: വീട്ടമ്മയുടെ മാല പൊട്ടിച്ചോടിയ മോഷ്ടാവിനെ വഴിതെറ്റി അലയുന്നതിനിടയില്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ സുരഭി നഗറിലെ അക്കളത്ത് രാധയുടെ(64) ഒന്നര പവന്റെ മാല അപഹരിച്ച് ഓടുന്നതിനിടയിലാണ് തമിഴ്നാട് സ്വദേശിയും കാങ്കോല്‍ പാപ്പരട്ടയിലെ താമസക്കാരനുമായ ഗുരുസ്വാമിയുടെ മകന് ഇ. കൃഷ്ണന് (40) പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഇന്ന് പോലീസ് രേഖപ്പെടുത്തി.
ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. രാധയുള്‍പ്പെടെയുള്ള മൂന്ന് സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടിന്റെ സിമന്റ് ജനല്‍ തകര്‍ത്താണ് മോഷ്ടാവ് വീട്ടിനുള്ളില്‍ കയറിയത്.ആദ്യം പുറത്തേക്കിറങ്ങി രക്ഷപ്പെടാനായി വാതില്‍ തുറന്നു വെച്ച ശേഷമാണ് മോഷണം. ഉറങ്ങിക്കിടക്കുകയായിരുന്ന രാധയുടെ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടയില്‍ രാധ ഉണര്‍ന്നെങ്കിലും ഇയാള്‍ രാധയുടെ കഴുത്ത് ഞെരിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് ഇവരുടെ കഴുത്തിലെ ഒന്നര പവന്റെ മാല പൊട്ടിച്ചെടുത്ത് പുറത്തേക്ക് പോയത്.
രാധ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ തെരച്ചില്‍ നടത്തുന്നതിനിടയില്‍ വഴിതെറ്റിയലയുന്ന മോഷ്ടാവ് കുടുങ്ങുകയായിരുന്നു.നാട്ടുകാര്‍ പിടികൂടുമെന്നായപ്പോള്‍ വഴിയരികില്‍ ഇയാള്‍ ഉപേക്ഷിച്ച സ്വർണമാല പിന്നീട് കണ്ടെടുത്തിരുന്നു.
അപ്പോഴേക്കും സ്ഥലത്തെത്തിയ പോലീസിന് നാട്ടുകാര്‍ മോഷ്ടാവിനെ കൈമാറി.രാധയുടെ പരാതിയില്‍ കേസെടുത്ത പോലീസ് സമീപ പ്രദേശങ്ങളില്‍ നടന്ന മോഷണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്നും പരിശോധിച്ച് വരികയാണ്.തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ ഇയാളെ ചോദ്യം ചെയ്യും.