ഷൊർണൂർ: തൃത്താലയിൽ സ്കൂൾ വിദ്യാർഥിനികളോട് മോശമായി പെരുമാറിയ സംഭവത്തിൽ പോക്സോ നിയമപ്രകാരം അറസ്റ്റിലായ പ്രതി മൂന്നുവർഷമായി വിദ്യാർഥിനികളെ ചൂഷണം ചെയ്തിരുന്നതായി കണ്ടെത്തി. തൃത്താല മൂർക്കോത്ത് കൃഷ്ണൻ (60) ആണ് കഴിഞ്ഞ മൂന്നുവർഷമായി പ്രദേശത്തെ സ്കൂളിലെ വിദ്യാർഥികളെ ലൈംഗീകമായി ദുരുപയോഗം ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയത്.
സ്കൂളിന് സമീപം സ്റ്റേഷനറി കട നടത്തിവന്നിരുന്ന പ്രതി സാധനങ്ങൾ വാങ്ങാൻ എത്തുന്ന വിദ്യാർഥിനികളെ കടയ്ക്കുള്ളിൽ വച്ച് അപമാനിക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. സ്കൂളിൽ നടത്തിയ കൗണ്‍സിലിംഗിന് ഇടയിൽ ചൈൽഡ് ലൈൻ പ്രവർത്തകരോട് വെളിപ്പെടുത്തിയ വിവരത്തെ തുടർന്ന് ഇവർ പോലീസിൽ പരാതിപ്പെടുകയും പ്രതിക്കെതിരെ കേസെടുക്കുകയുമായിരുന്നു.
തുടർന്ന് പോലീസ് കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിച്ച് കേസ് നടപടികൾ മുന്നോട്ടു കൊണ്ടുപോകുന്നതിനിടയിൽ പ്രതി ഒളിവിൽ പോവുകയായിരുന്നു. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ട് ഉണ്ടായതിനെതുടർന്ന് ഒരു കുട്ടി മാതാപിതാക്കളോട് ആ സംഭവം പറഞ്ഞതോടെയാണ് പീഡന വിവരം പുറംലോകം അറിഞ്ഞത്.
സ്കൂളിൽ ചൈൽഡ് ലൈൻ നടത്തിയ കൗണ്‍സിലിംഗിൽ കൂടുതൽപേർ പരാതിയുമായെത്തി. ചൈൽഡ് ലൈൻ പ്രവർത്തകർ അന്വേഷണം നടത്തി പോലീസിൽ നൽകിയ പരാതി പ്രകാരം 12 വിദ്യാർഥിനികളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കൂടുതൽ കുട്ടികളുടെ മൊഴി എടുത്തുവരികയാണ്.
പോക്സോ ആക്ടിലെ 7, 8, 9, 10 വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പോലീസ് ഉൗർജിത ശ്രമം നടത്തി വരികയായിരുന്നു. തമിഴ്നാട്ടിലായിരുന്നു പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത്. പ്രതി ഒറ്റപ്പാലം സബ്ജയിലിൽ റിമാൻഡിലാണ്.