വൈപ്പിൻ: എളങ്കുന്നപ്പുഴ മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന വി.കെ. കൃഷ്ണന്റെ ആത്മഹത്യ സംബന്ധിച്ച് മുളവുകാട് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ ആത്മഹത്യാക്കുറിപ്പുകൂടി എഫ്ഐആറിന്റെ ഭാഗമാക്കണമെന്ന് എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി.
ഒന്പതു കോണ്ഗ്രസ് അംഗങ്ങൾ കത്ത് നൽകിയതിനെത്തുടർന്ന് ഇന്നലെ വിളിച്ചു ചേർത്ത അടിയന്തര കമ്മിറ്റിയിൽ സിപിഎം അംഗങ്ങളുടെ വിയോജിപ്പോടെയാണ് പ്രമേയം പാസാക്കിയത്.
ഏക സിപിഐ അംഗം യോഗത്തിൽനിന്നു വിട്ടുനിന്നു. നാല് ബിജെപി മെന്പർമാരും ഒരു സ്വതന്ത്രനും പ്രമേയത്തെ അനുകൂലിച്ചു. യോഗത്തിൽ സ്വതന്ത്ര അംഗമായ സി.ബി. ബിജുവുമായി സിപിഎം അംഗങ്ങൾ വാക്കുതർക്കവുമുണ്ടായി.
എന്നെ പുകച്ച് പുറത്ത് ചാടിക്കുന്ന ഒരു പാർട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കൽ കമ്മിറ്റി. എന്റെ സമനിലയും തെറ്റി. എനിക്ക് ഇങ്ങിനെ ചെയ്യാനെ കഴിയു എന്ന് കൃഷ്ണൻ ആത്മഹത്യക്കുറിപ്പിൽ എഴുതി വച്ചതാണ് സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയിട്ടുള്ളത്.
അന്വേഷണമാവശ്യപ്പെട്ട പഞ്ചായത്തംഗത്തിന് വധഭീഷണി
വൈപ്പിൻ: വി.കെ. കൃഷ്ണന്റെ ആത്മഹത്യക്കുറിപ്പിൽ സിപിഎമ്മിനെതിരേ പരാമർശമുള്ളതിനാൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട സ്വതന്ത്രനും ഏഴാം വാർഡ് അംഗമായ സി.ജി. ബിജുവിനുനേരെ സിപിഎം ലോക്കൽ കമ്മിറ്റിയംഗങ്ങളായ കെ.എസ്. രാധാകൃഷ്ണൻ, സി.എ. ഷിബു എന്നിവർ വധഭീഷണി മുഴക്കിയെന്ന് പരാതി. ഇത് സംബന്ധിച്ച് ഇന്നലെ വൈകുന്നേരം ബിജു ഞാറക്കൽ സിഐക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.
ഇതിൽ രാധാകൃഷ്ണൻ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയാണ്. തനിക്ക് സംരക്ഷണം നൽകണമെന്നും ഭീഷണിപ്പെടുത്തിയവർക്കെതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ബിജു പരാതി നൽകിയിട്ടുള്ളത്. പരാതിയുടെ കോപ്പി ഇന്ന് ഡിജിപി, ഐജി , എസ്പി എന്നിവർക്കും അയയ്ക്കും.