ഡാജി ഓടയ്ക്കൽ
വെള്ളരിക്കുണ്ട്: കാട്ടുമൃഗങ്ങൾ കാർഷികവിളകൾ നശിപ്പിക്കുന്നതിന് പുറമേ കർഷകരുടെ ജീവനും കൂടി നഷ്ടപ്പെടാൻ തുടങ്ങിയതോടെ പ്രതിഷേധം ശക്തമാവുകയാണ്.
കാട്ടുപന്നികൾ വൻതോതിൽ പെറ്റു പെരുകിയിരിക്കുന്നത് അപകടഭീഷണി വർധിപ്പിക്കുന്നു. വനത്തിനുള്ളിൽ മാത്രമല്ല കൃഷിയിടത്തിലെ ചെറിയ കുറ്റിക്കാടുകളിൽ ഇവയുടെ താവളങ്ങളാണ്.
റബർ തോട്ടങ്ങളിൽ പുലർച്ചെ ടാപ്പിംഗിന് എത്തുന്ന തൊഴിലാളികൾ ഭീതിയിലാണ്. ഇപ്പോൾ മലയോരത്തെ റോഡുകളിൽ കൂടി രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യാൻ ഭയക്കണം.
ഓർക്കാപ്പുറത്ത് കാട്ടുപന്നി റോഡിന് കുറുകെചാടും ഇടിച്ചാൽ മരണംവരെ സംഭവിക്കാം.
2018 സിസംബർ 29ന് രാത്രിതന്റെ സ്കൂട്ടറിൽ വീട്ടിലേക്കു വരികയായിരുന്ന കാര്യോട്ടുചാലിലെ കൊടക്കൽ കൃഷ്ണൻ കാട്ടുപന്നി ഇടിച്ചു റോഡിൽ തെറിച്ചുവീണു മരണപ്പെട്ടു.
ഒരു കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടതോടെ ഭാര്യയും മൂന്നു മക്കളും മാനസികമായി തകർന്നു. മേസ്തിരി പണിയെടുത്തു കുടുംബം പുലർത്തിയിരുന്ന കൃഷ്ണന്റെ മരണം ആർക്കും ഉൾക്കൊള്ളാനായിട്ടില്ല.
വീട് പണിയാൻ തറ കെട്ടിതീർന്ന സമയത്താണ് ദുരന്തം. സഹായത്തിനായി ഭാര്യ സത്യഭാമ മുട്ടാത്ത വാതിലുകളില്ല. പത്തു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചെങ്കിലും ഒരു വർഷത്തിനുശേഷം അഞ്ചുലക്ഷം ലഭിച്ചു.
ഈ സമയത്തിനുള്ളിൽ വീടിന്റെ കോൺക്രീറ്റ് മാത്രം നടത്തി. മൂന്നു കുട്ടികളെ പഠിപ്പിയ്ക്കാനും നിത്യച്ചെലവിനും കൂലിപ്പണിയല്ലാതെ മാർഗമില്ല. കൃഷ്ണൻ മരണപ്പെട്ടു രണ്ടാഴ്ച കഴിഞ്ഞപ്പോൾ ദിവസം 200 രൂപ നിരക്കിൽ താത്കാലിക ജോലി വാഗ്ദാനം ലഭിച്ചിരുന്നു.
എന്നാൽ ഭർത്താവ് മരണപ്പെട്ട വിഷമത്തിൽ കഴിയുന്ന സമയമായതിനാൽ അതു സ്വീകരിച്ചില്ല. ന്യായമായ വേതനം ലഭിക്കുന്ന ഒരു ജോലിയാണ് ഇവർക്കാവശ്യം. ലഭിക്കാനുള്ള ബാക്കി അഞ്ചുലക്ഷം ഉടനെ നൽകണം.
കൃഷ്ണൻ ഉപയോഗിച്ചിരുന്ന സ്കൂട്ടർ വീടിനു മുറ്റത്തിരുന്നു തുരുമ്പെടുത്ത് നശിക്കുകയാണ് കാട്ടുപന്നി ഇടിച്ചതിന്റെ തെളിവ് ശേഖരിക്കാൻ വേണ്ടിവരുമെന്ന ഉദ്യോഗസ്ഥ നിർദേശം കാരണം ഈ സ്കൂട്ടർ വിൽക്കാൻ പോലും സാധിച്ചില്ല.
ഒരു പരിശോധനയും ഇതുവരെ നടത്തിയതുമില്ല. ബാക്കി നഷ്ടപരിഹാരതുക ലഭിക്കാൻ ഓഫീസുകൾ കയറി ഇറങ്ങുകയാണ് സത്യഭാമ.