ഒറ്റപ്പാലം: ബ്ലോക്ക് കോണ്ഗ്രസ് ജനറൽ സെക്രട്ടറിക്ക് വെട്ടേറ്റ സംഭവത്തിൽ പത്തു ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് ഒറ്റപ്പാലം പോലീസ് കേസെടുത്തു. പ്രതികളെല്ലാം ഒളിവിലാണ്. ഒറ്റപ്പാലം നഗരത്തിൽ കഴിഞ്ഞദിവസം നടന്ന ഡിവൈഎഫ്ഐയുടെ പ്രകടനത്തിനുശേഷമാണ് ഒറ്റപ്പാലം ബ്ലോക്ക് കോണ്ഗ്രസ് ജനറൽ സെക്രട്ടറി എൻ.കെ.കൃഷ്ണൻകുട്ടിക്ക് വെട്ടേറ്റത്.
നഗരത്തിനുള്ളിൽ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി ഓഫീസ് പരിസരത്ത് സ്വകാര്യ കോംപ്ലക്സിൽ നില്ക്കുകയായിരുന്ന കൃഷ്ണൻകുട്ടിയെ യാതൊരു പ്രകോപനവും കൂടാതെ പ്രകടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡിവൈഎഫ്ഐക്കാർ ആയുധങ്ങളുമായി ആക്രമിച്ചുവെന്നാണ് കേസ്.
ഇദ്ദേഹത്തിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തലയിൽ പതിമൂന്നു തുന്നലുകളുണ്ട്. പ്രതികളെ ഉടനേ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടു കോണ്ഗ്രസ് പ്രവർത്തകർ ഒറ്റപ്പാലത്ത് വഴിതടയൽ അടക്കമുള്ള സമരവും നടത്തി. ഇതേ തുടർന്നാണ് പത്തു ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തത്.
ഒറ്റപ്പാലം സ്വദേശികളായ വിജിത്ത്. വിപിൻ, മുത്തലി, ഷമീർ, അഷ്ക്കർ എന്നിവരടക്കം പത്തുപേർക്കെതിരെയാണ് കേസ്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന മറ്റു അഞ്ചുപേരും പ്രതികളാണ്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് മീറ്റ്ന സ്വദേശി കൃഷ്ണൻകുട്ടിക്ക് വെട്ടേറ്റത്.
ചികിത്സയിൽ കഴിയുന്ന കൃഷ്ണൻകുട്ടിയെ ഡിസിസി പ്രസിഡന്റ് ശ്രീകണ്ഠൻ എംഎൽഎമാരായ ഷാഫി പറന്പിൽ ബെൽറാം മഹിളാകോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി സംഗീത എന്നിവർ സന്ദർശിച്ചു. പ്രതികളെ എത്രയുംവേഗം പിടികൂടണമെന്ന് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.