ചാത്തന്നൂർ: ജീവിതത്തിലെ ദുരിതപർവ്വങ്ങളിൽ നിന്നും ഇനി കൃഷ്ണമ്മയ്ക്കും മക്കൾക്കും മോചനം. കരുണയുടെ തണലിൽ അവർക്ക് സ്വസ്ഥമായി കഴിയാം.
പിന്നിട്ട നാളുകളിലെ സഹനത്തിൽ നിന്നും മോചനം നല്കാൻ ദൈവദൂതരായി കുറെ നല്ല മനുഷ്യർ എത്തി. അവർക്ക് നേതൃത്വം നല്കി ഗ്രാമപഞ്ചായത്തംഗം വിനിതാ ദിപുവും.
ചിറക്കര ഗ്രാമപഞ്ചായത്ത് കോളേജ് വാർഡിൽ കുന്നുംപുറത്ത് വീട്ടിൽ കൃഷ്ണമ്മ (54)യുടെ ഇരട്ട മക്കളായ ശരണ്യയും ശരത്തും ( 22) ജന്മനാ അംഗവൈകല്യവും ബുദ്ധിമാന്ദ്യവും സംഭവിച്ചവരും ആണ്.
ഇവർ സഹോദരനായ സുരേന്ദ്രന്റെ ആശ്രയത്തിൽ ആണ് കഴിഞ്ഞു വന്നിരുന്നത്. സുരേന്ദ്രനും കുടുംബവും വാർധക്യമായ സാഹചര്യത്തിൽ സഹോദരിയെയും മക്കളെയും സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലുമാണ്.
ഈ കോവിഡ് കാലയളവിൽ വളരെയധികം ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിലെ ശരണ്യ ബഡ്സ് സ്കൂളിലെ വിദ്യാർഥി കൂടി ആയിരുന്നു.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വളരെയധികംപ്രതിസന്ധിയിൽ ആയിരുന്നു ഇവർ. കുടുംബത്തിന് സന്നദ്ധ പ്രവർത്തകർ ജനകീയ ഹോട്ടലിൽ നിന്നും ഭക്ഷണം എത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ഗ്രാമപഞ്ചായത്ത് അംഗം വിനിത ദിപുവിന്റെയും ബഡ്സ് സ്കൂൾ അധ്യാപികയായ ജിജി മോളുടെയും ഇടപെടലിന്റെ ഫലമായി ശരണ്യയെ ചടയമംഗലം കുരിയോട് പ്രവർത്തിക്കുന്ന ബദ്സെയ്ത റിഹാബിലിറ്റേഷൻ സെന്റിലേക്ക് മാറ്റി പാർപ്പിക്കുവാൻ കഴിഞ്ഞു.
ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി, ജില്ലാ സാമൂഹികനീതി ഓഫിസർ കെ.കെ ഉഷ, ശിശു വികസന പദ്ധതി ഇത്തിക്കര ഓഫീസർ രഞ്ജിനി എന്നിവരുടെ സാന്നിധ്യത്തിലാണ് ബദ് സെയ്തത അധികൃതർ ശരണ്യയെ ഏറ്റുവാങ്ങിയത്.
പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജന്റെ അധ്യക്ഷതയിൽ കൃഷ്ണമ്മയെയും മകൻ ശരത്തിനെയും ബോർഡ് മെമ്പർ പ്രസന്ന രാജൻ ഏറ്റെടുത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി ഗ്രാമപഞ്ചായത്ത് അംഗം വിനിത ദിപു, ശിശുവികസന പദ്ധതി ഓഫീസർ രഞ്ജിനി, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി എസ് അമൽരാജ്, ബി. ഭുവനചന്ദ്രൻ, കെ. ഉദയകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവരെ ഗാന്ധിഭവൻ സ്വീകരിച്ചത്.