ആലുവ: പ്രളയഭീതിയിൽ ആശങ്കയിൽ തുടരവേ പോലീസിനെയും നാട്ടുകാരേയും വെട്ടിലാക്കി വയോധികന്റെ നീന്തിക്കുളി. കൊടുങ്ങല്ലൂർ സ്വദേശിയായ കൃഷ്ണനാണ് പ്രളയ രക്ഷാപ്രവർത്തനം തുടരുന്നതിനിടെ നാട്ടുകാരെ കാഴ്ചക്കാരാക്കി ആലുവ മണപ്പുറത്തെ പുഴയിലേക്കു ചാടി നീന്തിക്കുളിച്ചത്.
പോലീസുകാരും നാട്ടുകാരും നോക്കിനിൽക്കയാണ് വ്യാഴാഴ്ച വൈകിട്ട് മൂന്നോടെ കൃഷ്ണൻ പുഴയിലേക്കു ചാടിയത്. അൽപ്പസമയത്തിനകം ഇയാളെ കാണാതായി. കുറച്ചുസമയത്തിനുശേഷം ക്ഷേത്രത്തിനു മുൻപിലുള്ള ആൽമരത്തിലേക്ക് ഇയാൾ നീന്തിയെത്തി. തിരികെ കയറാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയാറായില്ല. ഇതിനിടെ ആൽമരത്തിൽ പിടിച്ചുകയറി. ഉദ്യോഗസ്ഥർ നീന്തിച്ചെന്ന് ഇയാളോട് ആൽമരത്തിൽനിന്നു താഴെയിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല.
ഇതിനുശേഷം വീണ്ടും വെള്ളത്തിലേക്ക് എടുത്തുചാടിയ ഇയാൾ മണപ്പുറം ക്ഷേത്രത്തിനു സമീപത്തേക്കു നീന്തി. ക്ഷേത്രത്തിന്റെ തൂണിനു സമീപം എത്തിയ ഇയാളെ പിന്നീടു കാണാതായി. കുറച്ചുസമയത്തിനുശേഷവും കണ്ടെത്താൻ കഴിയാതിരുന്നതോടെ ഇയാൾ ഒഴുക്കിൽപ്പെട്ടു പോയിരിക്കാമെന്ന നിഗമനത്തിൽ പോലീസും എത്തി. തെരച്ചിലിനിറങ്ങിയ അഗ്നിരക്ഷാസേന പ്രതികൂല കാലാവസ്ഥ മൂലം പിൻവാങ്ങി. അധികൃതർ നേവിയുടെ സഹായം തേടി.
എന്നാൽ കുറച്ചുസമയത്തിനുശേഷം മണപ്പുറത്തെ റോഡിൽകൂടി ഇയാൾ നടന്നുപോകുന്നതു നാട്ടുകാർ കണ്ടു. ഇതോടെ നാട്ടുകാർ തന്നെ ഇയാളെ പിടിച്ചു പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഒടുവിൽ കേസൊന്നുമെടുക്കാതെ താക്കീത് ചെയ്ത് പോലീസ് കൃഷ്ണനെ വിട്ടയച്ചു.
തെങ്ങുകയറ്റ തൊഴിലാളിയാണ് കൃഷ്ണൻ. മിക്കപ്പോഴും ക്ഷേത്ര ദർശനത്തിനു വരാറുണ്ട്. ദിവസങ്ങളോളം പട്ടിണി കിടക്കുകയും കുടജാദ്രിയിൽ തപസിരിക്കുകയും ചെയ്യുന്ന തനിക്ക് ഇതൊന്നും പ്രശ്നമല്ലെന്നായിരുന്നു കൃഷ്ണൻ പോലീസിനു നൽകിയ വിശദീകരണം.