കായംകുളം: രാജഭരണ കാലത്തെ ചരിത്ര സ്മരണകളുമായി നിലകൊള്ളുന്ന കായംകുളം കൃഷ്ണപുരത്തെ പഴയ പാലം തകർച്ചയുടെ വക്കിൽ. ബ്രിട്ടീഷ് ഭരണകാലത്തിന്റെയും രാജവാഴ്ചയുടേയും ഓർമ്മകൾ പേറുന്ന പാലമാണിത് . തിരുവിതാംകൂറിന്റെ അവസാനത്തെ മഹാറാണി സേതു ലക്ഷ്മീബായിയുടെ കാലത്താണ് ഈ പാലം നിർമിച്ചത്. പാലം പുനർ നിർമിച്ച് ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.
വിഖ്യാത ചിത്രകാരൻ രാജാ രവിവർമ്മ യുടെ പേരക്കുട്ടിയായി കിളിമാനൂർ കൊട്ടാരത്തിലാണ് സേതു ലക്ഷമീ ബായി ജനിച്ചതെങ്കിലും തിരുവിതാം കൂർ രാജകുടുംബം അവരെ ദത്തെടുക്കുകയായിരുന്നു. 1924ൽ 27 വയസ്സുള്ളപ്പോഴാണ് അവർ മഹാറാണിയായി സ്ഥാനമേൽക്കുന്നത്.
വളരെ ചുരുങ്ങിയ കാലം മാത്രമേ അധികാരത്തിലിരുന്നുള്ളു എങ്കിലും, ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്കും, സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പദ്ധതികൾക്കും അവർ ഉൗന്നൽ നല്കി. നീണ്ടകരയിലെ പഴയ തടിപ്പാലം നിർമ്മിക്കപ്പെട്ടതും ഈ കാലയളവിലാണ്. ചെത്തിമിനുക്കിയ കരിങ്കൽ തൂണുകളിലാണ് ബീം ആന്റ് സ്ലാബ് രീതിയിൽ കൃഷ്ണപുരത്തെ പഴയ കോണ്ക്രീറ്റ് പാലം പണിതിട്ടുള്ളത്. 4.20 മീറ്റർ വീതിയും 32.0 മീറ്റർ നീളവുമുള്ള ഈ പാലത്തിനു സമാന്തരമായി 1975 ൽ പുതിയ പാലം വന്നതോടെയാണ് പഴയ പാലം അവഗണിക്കപ്പെട്ടത്.
ധാരാളം കുതിരവണ്ടികളും, കാളവണ്ടികളും, പലതരത്തിലുള്ള മോട്ടോർ വാഹനങ്ങളും കടന്നു പോയിട്ടുള്ള ഈ പാലത്തിന് കൃഷ്ണപുരം കൊട്ടാരവുമായി വലിയ ബന്ധമാണുണ്ടായിരുന്നത്. കായംകുളം രാജാവിന്റെ കുതിരാലയങ്ങളും കുതിരകളെ കുളിപ്പിക്കുന്ന അതിർത്തിച്ചിറയും ഇതിനടുത്തു തന്നെയായിരുന്നു.
നിർമ്മാണം പൂർത്തീകരിച്ച് 90 വർഷം പിന്നിടുന്പോഴും ഗതകാല പ്രൗഢി വിളിച്ചോതി നിൽക്കുന്ന ഈ പാലം അന്നത്തെ എൻജിനിയറിംഗ് വൈദഗ്ധ്യത്തിന്റെ ഉദാഹരണം കൂടിയാണ്. 1928 ൽ ,അന്നത്തെ ദിവാൻ മോറീസ് വാട്ട്സും ഇതിന്റെ നിർമ്മാണത്തിന് വലിയ താല്പര്യം കാണിച്ചിരുന്നു എന്ന് ചരിത്ര രേഖകളിൽ അടയാളപ്പെടുത്തിയിട്ടുണ്ട് .
കടത്തു കടക്കുന്പോൾ ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടും സമയനഷ്ടവും നേരിട്ടു മനസ്സിലാക്കിയ അദ്ദേഹം തിരുവിതാംകൂറിന്റെ പ്രധാന റോഡുകളിൽ പാലങ്ങൾ നിർമ്മിക്കാൻ നടപടികളെടുക്കുകയായിരുന്നു.ഓണാട്ടുകരയുടെ ഗതകാല പ്രൗഢിയെ അടയാളപ്പെടുത്തുന്ന പാലം പഴയ പ്രൗഢിയോടെ നിലനിർത്തണമെന്നും, ചരിത്ര സ്മാരകമാക്കി സംരക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.