കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതിയും സുഹൃത്തും അറസ്റ്റിലായി. ഫാഷൻ ഡിസൈനിംഗ് മേഖലയിൽ ജോലി ചെയ്യുന്ന തൃശൂർ കുന്നംകുളം സ്വദേശി കൃഷ്ണേന്ദു (21), സുഹൃത്ത് പുതുക്കാട് സ്വദേശിയുമായ ജിൻസണ് (27) എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റു ചെയ്തത്.
ഗൾഫിൽ ആരംഭിക്കാൻ പോകുന്ന ഫാഷൻ ഡിസൈനിംഗ് സ്ഥാപനത്തിലേക്ക് സെയിൽസ് മാൻ തസ്തികയിലേക്ക് ഉദ്യോഗാർഥികളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പലരിൽ നിന്നായി 45 ലക്ഷത്തോളം രൂപയാണ് ഇരുവരും ചേർന്ന് തട്ടിയത്. സാമൂഹ്യമാധ്യമങ്ങൾ വഴി പരിചയപ്പെട്ട 83ഓളം പേരിൽ നിന്ന് 53,000 രൂപ വീതം വാങ്ങിയാണ് തട്ടിപ്പിനിരയാക്കിയത്.
ഉദ്യോഗാർഥികൾ ഈ തുക പ്രതികളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പാലാരിവട്ടം സ്വദേശിയുടെ പരാതിയിൽ പാലാരിവട്ടം പോലീസ് ഉദ്യോഗാർഥിയെന്ന പേരിൽ ഇരുവരുമായി ഫോണിൽ ബന്ധപ്പെട്ട് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിയെടുത്ത പണം ആർഭാട ജീവിതത്തിനായാണ് പ്രതികൾ വിനിയോഗിച്ചിരുന്നതെന്നും തട്ടിപ്പിൽ കൂടുതൽ പേർ ഇരയായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
പാലാരിവട്ടം എസ്ഐ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ എഎസ്ഐ അനിൽകുമാർ, സിപിഒമാരായ ഗോപകുമാർ, രതീഷ്, ബ്രിജിറ്റ് ലിറിൻ, അനിത എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.