വടക്കഞ്ചേരി: രണ്ടാംവിള നെൽകൃഷിക്കായി മംഗലംഡാം വെള്ളം തുറന്നുവിട്ടതോടെ കൃഷിപണികൾ സജീവമായി. ഞാറ്റടികൾ പറിച്ചു നടീലിനുള്ള പണികളാണ് പാടങ്ങളിൽ നടക്കുന്നത്. വെള്ളം എത്താൻ വൈകിയതിനെ തുടർന്ന് കനാലുകളുടെ വാലറ്റപ്രദേശങ്ങളിൽ ഏറെ വൈകിയാണ് കൃഷിപണി തുടങ്ങിയിട്ടുള്ളത്.
ഇടതുകനാലിന്റെ വാലറ്റപ്രദേശമായ പുതുക്കോട് പഞ്ചായത്തിലെ കൊട്ടാരശേരി, തെക്കേപ്പൊറ്റ ഭാഗങ്ങളിൽ ഡാമിൽനിന്നും വെള്ളംവിട്ട് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ശരിയായ തോതിൽ വെള്ളമെത്തിയത്. ഇതിനാൽ പണികൾക്കും തടസം നേരിട്ടു. ഇതിനിടെ തുലാമാസം അവസാനദിവസങ്ങളായിട്ടും മഴ ലഭിക്കാതിരുന്നത് കർഷകർക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.
കനാൽ വെള്ളംതന്നെ ലഭ്യമാകണമെങ്കിൽ നല്ല തുലാമഴ ലഭിക്കണം. ഇക്കുറി അതുണ്ടായില്ല. ഇതിനാൽ കടംവാങ്ങിയും വായ്പയെടുത്തും നടത്തുന്ന രണ്ടാംവിള കൃഷിപണികൾ നഷ്ടം പെരുപ്പിക്കുമോയെന്ന അങ്കലാപ്പിലാണ് കർഷകർ.
ഡാമിലെ വെള്ളത്തിന്റെ തോതും ആശാവഹമല്ല.
തുലാമഴ പ്രതീക്ഷിച്ച് ജലനിരപ്പ് ക്രമീകരിക്കാൻ മൂന്നാഴ്ചമുന്പ് ഡാമിലെ വെള്ളം മൂന്നടിയോളം കുറച്ചിരുന്നു. ന്യൂനമർദംമൂലമുള്ള മഴയോ തുലാമഴയോ കിട്ടുമെന്ന കണക്കൂകൂട്ടലിലാണ് വെള്ളംപുഴയിലേക്ക് ഒഴുക്കി കളഞ്ഞത്.