മൂവാറ്റുപുഴ: സംസ്ഥാന സർക്കാർ സഹകരണ വകുപ്പുമായി യോജിച്ചു നടത്തുന്ന കൃതി സാഹിത്യോത്സവത്തോടനുബന്ധിച്ച് സഹകരണ സംഘങ്ങളിൽ നിർബന്ധിത പിരിവു നടത്തുന്നതിനായി പരാതി.ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിൽ കുട്ടികളെ പങ്കെടുപ്പിക്കാനാണ് സഹകരണ വകുപ്പിൽനിന്ന് സംഘങ്ങളെ നിർബന്ധിക്കുന്നത്. ഒരു സംഘത്തിന് 3000 രൂപ മുതൽ 5000 രൂപ വരെ തുക നിശ്ചയിച്ച് കൂപ്പണുകൾ നൽകുകയാണ് സഹകരണ വകുപ്പ്.
ഒരു കുട്ടിക്ക് 250 രൂപയുടെ പുസ്തകങ്ങൾ വാങ്ങാവുന്ന തരത്തിൽ സ്കൂളുകളിൽനിന്ന് കുട്ടികളെ കണ്ടെത്തി താൽപര്യമുള്ള കുട്ടികൾക്ക് നൽകണം. 11 വരെ കൊച്ചിയിൽ നടക്കുന്ന കൃതി സാഹിത്യോത്സവത്തിലെ പുസ്കതകമേളയിൽ പങ്കെടുത്ത് കുട്ടികൾ പുസ്തകം വാങ്ങണം. ഇതിനുവേണ്ടിയാണ് സഹകരണ സംഘങ്ങളിൽ കൂപ്പണുകൾ ഏൽപ്പിക്കുന്നത്.
സംസ്ഥാനത്തൊട്ടാകെയുള്ള 1500ലധികം വരുന്ന സംഘങ്ങളിൽ നിന്നായി ലക്ഷക്കണക്കിനു രൂപയാണ് നിർബന്ധമായി പിരിച്ചെടുക്കുന്നത്. ഇതിനെതിരേയാണ് പരാതി ഉയരുന്നത്. സാന്പത്തിക വർഷാവസാനമായപ്പോൾ വായ്പാ തിരിച്ചടവിന്റെയും നിക്ഷേപ സമാഹരണ സമാപനത്തിന്റെയും തിരക്കുകൾ സംഘങ്ങൾക്കുള്ളപ്പോഴാണ് കുട്ടികളെ തേടിപ്പിടിക്കേണ്ട സാഹചര്യം ഉണ്ടാക്കിയിരിക്കുന്നത്.
കൂപ്പണുകൾ എടുത്ത് കുട്ടികൾക്കു നൽകാത്ത സഹകരണ സംഘങ്ങളുടെ അടിയന്തര സ്വഭാവമുള്ള ഫയലുകൾ പോലും സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ പരിഗണനക്കെടുക്കുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.