വർഗീസ് എം.കൊച്ചുപറമ്പിൽ
ചവറ: കരൾ രോഗബാധയെ തുടർന്ന് മരിച്ച വിദ്യാർഥിനിയ്ക്ക് എസ് എസ് എൽ സി പരീക്ഷയ്ക്ക് മികവുറ്റ വിജയം.
എസ് എസ് എൽ സി പരീക്ഷാ ഫലം കാത്തിരിക്കെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചവറ കുളങ്ങര ഭാഗം ശാന്താലയം വീട്ടിൽ പരേതനായ വേലായുധൻ പിള്ളയുടെയും പഞ്ചായത്ത് ജീവനക്കാരി ബിന്ദുകുമാരിയുടെയും മകൾ കൃതിക വി.പിള്ള (15 )യാണ് വിധിയ്ക്ക് കീഴടങ്ങിയത്.
ചവറ കൊറ്റംകുളങ്ങര വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു. പഠനത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്ന ഈ വിദ്യാർഥിനി സ്്കൂളിന്റെ അഭിമാനമായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു ഏവരും.
എന്നാൽ ആ പ്രതീക്ഷയ്ക്ക് കൃതിക വി.പിള്ള മങ്ങലേൽപ്പിച്ചില്ല. ഏവരും പ്രതീക്ഷിച്ചപ്പോലെ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് വാങ്ങി സ്കൂളിന്റേയും നാടിന്റേയും അഭിമാനമായി മാറി. എന്നാൽ ഈ വിജയത്തിൽ ആഹ്ലാദം പങ്ക് വെയ്ക്കുവാനും സർട്ടിഫിക്കേറ്റ് വാങ്ങാനും കൃതിക ഇല്ലായെന്ന് ഓർക്കുമ്പോൾ ഏവരുടെയും കണ്ണുകൾ വീണ്ടും ഈറനണിയുകയാണ്.
കരൾ മാറ്റി വയ്ക്കുന്ന ചികിത്സയ്ക്കായി ഭീമമായ തുക ആവശ്യമായിരുന്നു. നവ മാധ്യമങ്ങൾ വഴി ഇതിനുള്ള ശ്രമങ്ങളാരംഭിച്ചെങ്കിലും ഒന്നിനും കാത്തു നിൽക്കാതെ കൃതിക യാത്രയാവുകയായിരുന്നു. പിതാവ് വേലായുധൻ പിള്ള നാലു വർഷം മുൻപ് കാൻസർ രോഗബാധയെ തുടർന്ന് മരണപ്പെട്ടിരുന്നു.
പിതാവിന്റെ കാൻസർ രോഗ ചികിത്സയ്ക്കായി നല്ലൊരു തുക ചിലവായിരുന്നു. ഈ സാമ്പത്തിക ബാധ്യതയിൽ കുടുംബം കഴിഞ്ഞുവരുന്നതിനിടയിലാണ് കൃതിക കരൾരോഗം പിടിപ്പെട്ട് ഒരാഴ്ചയ്ക്ക് മുമ്പ് മരണത്തിന് കീഴടങ്ങിയത്.