മലയാളത്തിന്റെ സ്വന്തം താരമായ ദുൽഖർ സൽമാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിൽ കൃതി ഖർബണ്ഡ നായികയാവും. ആകർഷ് ഖുരാന സംവിധാനം ചെയ്യുന്ന കർവാനിലൂടെയാണ് ഡിക്യു ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്.
ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അരങ്ങേറ്റ ചിത്രത്തിൽ ദുൽഖറിന്റെ നായികയായി ആരെത്തുമെന്നുള്ള കാര്യത്തിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ഇമ്രാൻ ഹാഷ്മി നായകനായെത്തിയ റാസ് റീബൂട്ടിയിലൂടെ ബോളിവുഡിൽ തുടക്കം കുറിച്ച കൃതി ഖർബണ്ഡയാണ് നായികയായി എത്തുന്നത്. കന്നഡയിലും തെലുങ്കിലും ഏറെ തിരക്കുള്ള താരം ദുൽഖറിനോടൊപ്പം എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. തെലുങ്ക്, കന്നഡ സിനിമകളിലൂടെയാണ് താരം ബോളിവുഡിലേക്കെത്തിയത്.
ദുൽഖറിന്റെ കാമുകിയായാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ആദ്യ പകുതിക്ക് ശേഷമാണ് കൃതിയുടെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നതെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുള്ളത്. തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിൽ ദുൽഖർ മലയാളവും സംസാരിക്കുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ.
അതിനാൽ നായികയായി എത്തുന്ന കൃതിക്ക് മലയാളം സംസാരിക്കുന്നതിനുള്ള പരിശീലനം നൽകുന്നതിനുള്ള സൗകര്യം അണിയറപ്രവർത്തകർ ഒരുക്കിയിട്ടുണ്ട്. റോണി സ്ക്രൂവാലയാണ് ചിത്രം നിർമിക്കുന്നത്. പുതിയ കന്പനി രൂപീകരിച്ചപ്പോൾ നിർമാണത്തിനായി നിരവധി തിരക്കഥകൾ ലഭിച്ചിരുന്നുവെങ്കിലും നിർമാതാവ് തിരഞ്ഞെടുത്തത് ദുൽഖർ ചിത്രമായിരുന്നു. മണിരത്നത്തിന്റെ സിനിമയായ ഓകെ കണ്മണി കണ്ടിരുന്നു. പിന്നീടാണ് ദുൽഖറിന്റെ കൂടുതൽ ചിത്രങ്ങൾ കണ്ടതെന്നും സംവിധായകൻ പറയുന്നു. ഇർഫാൻ ഖാനും മിഥില പാക്കറും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സെപ്റ്റംബർ ആദ്യ വാരത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. 32 ദിവസത്തെ ഷെഡ്യൂളുമായാണ് കർവൻ സംഘം ഇപ്പോൾ കേരളത്തിലുള്ളത്.