മുംബൈ: ബോളിവുഡ് നടിയും മോഡലുമായ കൃതികാ ചൗധരിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സബർബൻ അന്ധേരിയിലെ അവരുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കൃതികയുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന അയൽവാസിയുടെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അഴുകിത്തുടങ്ങിയ നിലയിൽ കൃതികയുടെ മൃതദേഹം കണ്ടെത്തിയത്.
അയൽവാസി നൽകിയ വിവരത്തെ തുടർന്ന് തിങ്കളാഴ്ച വൈകിട്ട് 3.45 ന് സ്ഥലത്തെത്തിയ പോലീസ് വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് മരിച്ചത് കൃതികയാണെന്ന് തിരിച്ചറിഞ്ഞത്.
വീടിന്റെ വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കഴിഞ്ഞ നാലു ദിവസമായി വീട് അടഞ്ഞുകിടക്കുകയായിരുന്നുവെന്നാണ് വിവരം.ഹരിദ്വാർ സ്വദേശിയായ കൃതിക 2013 ൽ ഇറങ്ങിയ കങ്കണാ റൗത്ത് ചിത്രമായ റജ്ജോയിൽ അഭിനയിച്ചിരുന്നു. നിരവധി ടെലിവിഷൻ പരന്പരകളിലും കൃതിക അഭിയിച്ചിട്ടുണ്ട്.