തിരുവനന്തപുരം: നഷ്ടത്തില്‍ നിന്നു നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കെഎസ്ആര്‍സിയെ രക്ഷിക്കാന്‍ കൈമെയ് മറന്ന് പൊരുതിയതിനു ശേഷമാണ് ടോമിന് തച്ചങ്കരി കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തു നിന്നു തെറിക്കുന്നത്. തച്ചങ്കരിയെ പുറത്താക്കാന്‍ സര്‍ക്കാരിനു പ്രേരണയായതാവട്ടെ യൂണിയന്‍കാരുടെ സമ്മര്‍ദ്ദവും. തച്ചങ്കരി പോയതോടെ പിന്നെയും ചങ്കരന് തെങ്ങേല് എന്ന അവസ്ഥയിലായിരിക്കുകയാണ് കെഎസ്ആര്‍ടിസി. തച്ചങ്കരിയെ പുറത്താക്കിയതോടെ കെഎസ്ആര്‍ടിസിയുടെ വരുമാനവും കുത്തനെ ഇടിഞ്ഞു. ശബരിമല വിവാദങ്ങളില്‍ ദേവസ്വംബോര്‍ഡിനുണ്ടായ 100 കോടിയുടെ നഷ്ടം സര്‍ക്കാര്‍ നികത്തിയതു പോലെ ഈ നഷ്ടവും സര്‍ക്കാര്‍ നികത്തത്തുമെന്നാണ് ഇടതു യൂണിയന് നേതാക്കള്‍ പറയുന്നത്.
കെഎസ്ആര്‍ടിസി ലാഭത്തില്‍ പോയില്ലെങ്കിലും തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ നടക്കണമെന്നേ യൂണിയന് നേതാക്കള്‍ക്കുള്ളൂ. ഭരണം അവര്‍ കൈയാളുമ്പോള്‍ മറ്റ് യൂണിയനുകള്‍ പിണക്കത്തിലുമാണ്. ഏകപക്ഷീയ തീരുമാനങ്ങള്‍ നടപ്പാക്കുന്ന സിഐടിയുവിനെതിരെ കോണ്‍ഗ്രസ്, ബിജെപി സംഘടനകള്‍ രംഗത്ത് എത്തി കഴിഞ്ഞു. തച്ചങ്കരി ചുമതല ഒഴിഞ്ഞെങ്കിലും പുതിയ എംഡി എത്തിയിട്ടില്ല. ഇതിനിടെ ഏഴുകോടിക്ക് മേലെത്തിയ ദിവസവരുമാനം കുത്തനെ ഇടിഞ്ഞുതുടങ്ങി. വരുമാനം ഗണ്യമായി കുറയുന്നുവെന്നും ഇതൊഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശിച്ച് ഓപ്പറേഷന് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വെള്ളിയാഴ്ച ഉത്തരവിറക്കി. പുതിയ മേധാവി എംപി. ദിനേശ് ഈയാഴ്ച സ്ഥാനമേല്‍ക്കും. ഡി.ഐ.ജി. റാങ്കിലുള്ള അദ്ദേഹത്തിന് വിരമിക്കാന്‍ നാലുമാസം കൂടിയേയുള്ളൂ.
താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിടുന്നതിന് ഇടയാക്കിയ കേസില്‍ അന്തിമവിധിയും തിങ്കളാഴ്ചയുണ്ടാകും. ഇതെല്ലാം നാലുമാസത്തെ ദിനേശിന്റെ ഭരണത്തെ വെല്ലുവിളി നിറച്ചതാകും. ഏതായാലും എംഡിക്ക് വലിയ കാര്യമുണ്ടാകില്ലെന്നും എല്ലാം തങ്ങള്‍ നോക്കുമെന്നും സിഐടിയു നിലപാടെടുക്കുകയും ചെയ്തിരിക്കുകയാണ്. ഇടതു യൂണിയന് കെഎസ്ആര്‍ടിസിയുടെ സകല നിയന്ത്രണവും ഏറ്റെടുത്തതോടെയാണ് ചോദ്യം ചെയ്യലുമായി മറ്റുയൂണിയനുകള് രംഗത്തെത്തിയത്.
എന്നും എതിര്‍ചേരിയിലായിരുന്ന ഈ യൂണിയനുകള്‍ തച്ചങ്കരിയെ പുറത്താക്കാന്‍ ഒരുമിക്കുകയായിരുന്നു. എന്നാല്‍ തച്ചങ്കരി പുറത്തായതോടെ എല്ലാം പഴയ പടിയാവുകായണ്.
കെഎസ്ആര്‍ടിസിയുടെ വരുമാനം എട്ട് കോടിയായി ഉയര്‍ത്താനാണ് തച്ചങ്കരി ശ്രമിച്ചത്. ഇതിന് വേണ്ടിയായിരുന്നു പരിഷ്കാരങ്ങള്‍. സ്വന്തം നിലയ്ക്ക് ശമ്പളം കൊടുക്കാനായിരുന്നു ശ്രമം. എന്നാല്‍ വരുമാനം കുത്തനെ ഇടിഞ്ഞാല്‍ അടുത്ത മാസം മുതല്‍ വീണ്ടും സര്‍ക്കാരിന്റെ പണത്തിനായി കാത്ത് നില്‍ക്കേണ്ടി വരും. വായ്പയും പെരുകും. ഇതെല്ലാം ആനവണ്ടിയെ പിന്നോട്ടേക്ക് കൊണ്ടു പോകും. ഈ ബജറ്റില്‍ കെഎസ്ആര്‍ടിസിക്ക് 1000 കോടി വകയിരുത്തിയിട്ടുണ്ട്. എല്ലാവര്‍ഷവും ഇങ്ങനെ സര്‍ക്കാര്‍ പണം തരുമെന്നും അതുകൊണ്ട് തന്നെ കെഎസ്ആര്‍ടിസിക്ക് ഒന്നും സംഭവിക്കില്ലെന്നും യൂണിയന് നേതാക്കളും പറയുന്നു. അദര്‍ ഡ്യൂട്ടി തിരിച്ചു കൊണ്ടു വരാനും കണ്ടക്ടര്‍ കം ഡ്രൈവര്‍ പരിഷ്കാരം റദ്ദാക്കാനുമാണ് നീക്കം. ഇതിനൊപ്പം തച്ചങ്കരിക്കൊപ്പം നിന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും നീക്കം സജീവമാണ്.
ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനവും യൂണിയന്‍കാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. 4070 താത്കാലിക കണ്ടക്ടര്‍മാരെ ഒഴിവാക്കിയതുമൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ തച്ചങ്കരി ചെയ്ത ക്രമീകരണങ്ങളെല്ലാം അദ്ദേഹത്തെ നീക്കിയതിനുപിന്നാലെ സംഘടനാ നേതാക്കള്‍ പൊളിച്ചടുക്കി. ഇതിന് പിന്നില്‍ ഇടതു സംഘടനയായിരുന്നു. കണ്ടക്ടര്‍മാരില്ലാതെ ബസ് മുടങ്ങാതിരിക്കാന്‍ കണ്ടക്ടര്‍ ലൈസന്‍സുള്ള ഡ്രൈവര്‍മാരെ നിയോഗിക്കാന്‍ തീരുമാനിച്ചിരുന്നു. ബസ് മുടക്കി യാത്രക്കാരെ വലയ്ക്കാതിരിക്കാനായിരുന്നു ഇത്. എന്നാല്‍, എട്ടുമണിക്കൂറില്‍ കൂടുതല്‍ ഡ്യൂട്ടിയുള്ള ബസുകളിലേ ഈ സംവിധാനം അനുവദിക്കൂവെന്ന നിലപാടിലാണ് ഇടതുപക്ഷ സംഘടനകള്‍.
ഇതില്‍ പ്രതിഷേധിച്ച് സംയുക്തതൊഴിലാളി മുന്നണിയില്‍നിന്ന് ഡ്രൈവേഴ്സ് യൂണിയന് പിന്മാറി. തച്ചങ്കരിക്കെതിരേ രൂപംകൊണ്ട ഇടത്-വലത് തൊഴിലാളി സഖ്യത്തിലാണ് വിള്ളല്‍വീണത്. ഇതിനൊപ്പം അധിക ഡ്യൂട്ടി ബഹിഷ്കരിക്കാനുള്ള സംയുക്തസമിതിയുടെ നീക്കം കണ്ടക്ടര്‍ക്ഷാമം രൂക്ഷമാക്കും. കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍മാര്‍ കുറവും ഡ്രൈവര്‍മാര്‍ ഏറെ കൂടുതലുമാണ്. അവധി അനുവദിക്കാനുള്ള നിയന്ത്രണവും പിന്വലിച്ചമട്ടാണ്. സ്ഥിരംജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുക്കുമ്പോള്‍ ബസ് ഇറക്കിയിരുന്നത് താത്കാലിക ജീവനക്കാരാണ്. എന്നാലിപ്പോള്‍ താത്കാലിക ജീവനക്കാരും കുറവാണ്. ഇതോടെ കെഎസ്ആര്‍ടിസിയില്‍ സര്‍വ്വീസുകള്‍ കുറഞ്ഞു. ഇതാണ് വരുമാനം കുറയാനും കാരണമാകുന്നത്. ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥയിലേക്ക് കെഎസ് ആര്‍ടിസി മാറുകയാണ്.
തച്ചങ്കരിയുടെ പരിഷ്കാരങ്ങള്‍ യൂണിയന്കാര് പൊളിച്ചടുക്കിയതോടെ നിരവധി സര്‍വീസുകളാണ് ഇതിനോടകം മുടങ്ങിയത്. എം.ഡി സ്ഥാനത്തു നിന്നും ടോമിന് തച്ചങ്കരി മാറിയെങ്കിലും ഇദ്ദേഹം ഇറക്കിയ ഉത്തരവുകള്‍ ഇപ്പോഴും നിലവിലുണ്ട്. സംഘടിതമായി ഈ തീരുമാനങ്ങള്‍ അട്ടിമറിക്കാനാണ് ിഐടിയു യൂണിയന്റെ ശ്രമം. അതിനിടെ, എം.ഡി. മാറിയതോടെ ഡിപ്പോ ഭരണം മുമ്പത്തെപോലെ കൈയടക്കാന്‍ യൂണിയനുകള്‍ ശ്രമം തുടങ്ങി. ഡിപ്പോകളിലെ ഡ്യൂട്ടികള്‍ പഴയപടി സീനിയോറിറ്റി അടിസ്ഥാനത്തില്‍ വീതം വയ്ക്കാനാണ് നീക്കം. യൂണിയന്നേതാക്കള്ക്ക് സൗകര്യപ്രദമായ ഡ്യൂട്ടി തിരഞ്ഞെടുക്കാന്‍ ഇതുവഴി കഴിയും.
തച്ചങ്കരിഭരണത്തില്‍ സിഐടിയുവിനാണ് ഏറെ അംഗത്വം നഷ്ടമായത്. എ.ഐ.ടി.യു.സി.യ്ക്ക് കാര്യമായ നഷ്ടമുണ്ടായില്ല. ബി.എം.എസിന് നേട്ടമുണ്ടാകുകയും ചെയ്തു. അംഗത്വം തിരിച്ചു പിടിച്ച് കരുത്തുകാട്ടാനാണ് സിഐടിയുവിന്റെ നീക്കം. മാസവരി പിരിവും ഊര്‍ജ്ജിതമാക്കും. അതേസമയം, ശനിയാഴ്ച തിരുവനന്തപുരത്ത് കണ്ടക്ടര്‍ ഡ്യൂട്ടിക്ക് കയറാന്‍ തുടങ്ങിയ ഡ്രൈവറെ പുറത്താക്കിയത് ഡ്രൈവര്‍-കം-കണ്ടക്ടര്‍ സംവിധാനം അട്ടിമറിക്കാനുള്ള നീക്കമാണെന്ന ആരോപണവുണ്ടായി.