മഞ്ചേശ്വരം: മിയാപദവില്‍ കഴിഞ്ഞദിവസം ആള്‍ക്കൂട്ടത്തിന്റെ മര്‍ദനത്തിനിരയായി മരിച്ച കൃപാകര (28) യുടെ ദേഹത്ത് ചെറുതും വലുതുമായ 25 ഓളം മുറിവുകളുള്ളതായി പ്രാഥമിക റിപ്പോര്‍ട്ട്.
കമ്പിപ്പാര കൊണ്ട് തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ബുധനാഴ്ച രാത്രി ഒമ്പതരയോടെ മിയാപദവ് കെതങ്ങാട്ടെ ജിതേഷിന്റെ വീടിന് സമീപമുണ്ടായ സംഘര്‍ഷത്തിലാണ് കൃപാകര കൊല്ലപ്പെട്ടത്. ജിതേഷും കൃപാകരയും നേരത്തേ അടുത്ത സുഹൃത്തുക്കളായിരുന്നു.
എന്നാല്‍ മദ്യക്കടത്ത്, ലഹരിമരുന്ന് സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൃപാകരയുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്ന ബന്ധുക്കളുടെ ഉപദേശ പ്രകാരം കഴിഞ്ഞ ഒരുമാസമായി ജിതേഷ് ഈ ബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
ഇതിന്റെ പേരില്‍ കൃപാകരയും ജിതേഷുമായി വാക്കുതര്‍ക്കമുണ്ടായിരുന്നതായും പറയുന്നു. കൃപാകരയെ നേരില്‍ കാണുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ ജിതേഷ് വൈകുന്നേരം ജോലികഴിഞ്ഞ് നേരത്തെ വീട്ടിലെത്തുമായിരുന്നു.
ജിതേഷ് തന്റെ അടുത്തുനിന്ന് ഒളിച്ചുനടക്കുകയാണെന്ന് ബോധ്യം വന്നതിനെ തുടര്‍ന്നാണ് ബുധനാഴ്ച രാത്രി കൃപാകര ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയത്. വീടിന്റെ പിറകുവശത്തെ മതില് ചാടിയാണ് കൃപാകര ജിതേഷിന്റെ വീട്ടില്‍ എത്തിയത്. വാതില്‍ തുറക്കാന്‍ പലവട്ടം ആവശ്യപ്പെട്ടെങ്കിലും അമ്മയും സഹോദരിയും തടഞ്ഞതിനാല്‍ ജിതേഷ് തുറന്നില്ല.
ഒടുവില്‍ ചവിട്ടിപൊളിക്കുമെന്ന് പറഞ്ഞതോടെയാണ് വാതില്‍ തുറന്നത്. ഇതോടെ അകത്തുകയറിയ കൃപാകര കൈയിലുണ്ടായിരുന്ന കത്രിക വീശി എല്ലാവരേയും ഭയപ്പെടുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച ജിതേഷിന്റെ കണ്ണില്‍ കത്രിക തറച്ച് കാഴ്ച നഷ്ടപ്പെട്ടു.
വീട്ടുകാരുടെ നിലവിളി കേട്ട് അയല്‍വാസി ഉമേഷും മറ്റു ചിലരും അടക്കമുള്ളവര്‍ ഓടിയെത്തി. തുടര്‍ന്ന് ഇവരും കൃപാകരയും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് കൃപാകരയ്ക്ക് മാരകമായി പരിക്കേറ്റത്. ഇതിനിടയില്‍ കൃപാകരയുടെ കൈയിലെ ആയുധം കൊണ്ട് ഉമേഷിനും മുറിവേറ്റിരുന്നു.
മഞ്ചേശ്വരം സ്റ്റേഷന് ഹൗസ് ഓഫീസര്‍ പി. അനൂപ് കുമാര്‍, എസ്.ഐ രാഘവന്, അഡീ. എസ്.ഐ മധുസൂദനന് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.