കൃപേഷ്, ശരത്ത് ലാല്‍ എന്നീ രണ്ട് പേരുകളാണ് ഏതാനും ദിവസങ്ങളായി കേരളം നിരന്തരം കേട്ടുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ കൊലപാതകത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരകള്‍. ഇരുവരുടെയും പരിചയക്കാരുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും അവരെക്കുറിച്ചുള്ള ഓര്‍മകളാണ് ഇപ്പോള്‍ അവരെ പരിചയമില്ലാത്തവരെപ്പോലും വേദനിപ്പിച്ചുകൊണ്ടിരിക്കുന്നത്.
കൃപേഷും ശരത്തും ആരായിരുന്നു അവരെന്തായിരുന്നു, എന്തുകൊണ്ടാണ് അവര്‍ക്ക് ശത്രുക്കളുണ്ടായത് എന്നതിനൊക്കെ തെളിവ് നിരത്തുകയാണ് ഇപ്പോള്‍ അവരുടെ കൂട്ടുകാരില്‍ പലരും. അവയില്‍ പലതും കണ്ണ് നിറയ്ക്കുന്നതുമാണ്. അത്തരത്തിലൊന്നാണ്, കൃപേഷിന്റെ സുഹൃത്തും കോളജ് വിദ്യാര്‍ത്ഥിയുമായ ജിതി എന്ന യുവാവ് ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു ചിത്രവും അതിന് കീഴെ കുറിച്ചിരിക്കുന്ന വാക്കുകളും. വായനക്കാരുടെ കണ്ണ് നിറയ്ക്കുന്ന ഒന്ന്.
കൃപേഷിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്ന് എല്ലാവരുടെയും മനസിലുള്ള അവസാന ചിത്രം ഓല മേഞ്ഞ ഒരു ചെറ്റക്കുടിലാണ്. ആ വീടിന്റെ സ്ഥിതി എത്രമാത്രം ദയനീയമാണെന്ന് വ്യക്തമാക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം ജിതി ഷെയര്‍ ചെയ്തിരുന്നു.
അതിങ്ങനെയാണ്
‘അവന്റെ പാസ്പോര്‍ട്ട്..വീട്ടില്‍ വെച്ചാല്‍ മഴയോ കാറ്റോ വന്നാല്‍ എല്ലാം പോവും..എന്ന് പറഞ്ഞ് എന്റെ കയ്യില്‍ തന്നതാ.. ഇനി ആര്‍ക്കു ഞാന്‍ കൊടുക്കും..
കൃപേഷ് എന്ന കിച്ചുവിന്റെ ആനപ്രേമവും ഫുട്ബോള്‍ പ്രണയും അവസാനമായി ഉറങ്ങിക്കിടക്കുന്ന മണ്ണും എല്ലാം ജിതിയുടെ ഫേസ്ബുക്ക് വാളില്‍ കാണാം. കാസര്‍ഗോഡ് വെട്ടേറ്റ് മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ അടുത്ത സുഹൃത്താണ് ജിതി എന്ന കല്യോട്ടുകാരന്‍.