കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്ത രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒന്നായിരുന്നു എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യുവിന്റേത്. അഭിമന്യുവിന്റെ പ്രായവും അവന് വളര്‍ന്നു വന്ന ജീവിത സാഹചര്യങ്ങളും മനസാക്ഷിയുള്ളവരെ മുഴുവന്‍ കരയിച്ചു. അഭിമന്യുവുമായി ഏറെ സാദൃശ്യമുണ്ട് ഞായറാഴ്ച രാത്രി കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിനും.
വെറും 19 വയസ്സു മാത്രമുള്ള ചെറുപ്പക്കാരനാണ് കൃപേഷും. അഭിമന്യുവിന്റെ കുടുംബത്തേക്കാള്‍ പരിതാപകരമായ ജീവിത സാഹചര്യങ്ങള്‍. ഏത് നിമിഷവും പൊളിഞ്ഞു വീഴാറായ ഓല മേഞ്ഞ കുടിലിലാണ് കൃപേഷും കുടുംബവും താമസിക്കുന്നത്. അച്ഛന്, അമ്മ, രണ്ട് സഹോദരിമാര്‍ എന്നിവരടങ്ങുന്നതാണ് ഈ ചെറുപ്പക്കാരന്റെ കുടുംബം.
അച്ഛന് പെയിന്റിംഗ് തൊഴിലാളിയാണ്. കൃപേഷിലായിരുന്നു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയും. അതാണിപ്പോള്‍ ഇല്ലാതായിരിക്കുന്നത്. വെട്ടേറ്റ് തലച്ചോറ് പിളര്‍ന്ന നിലയിലായിരുന്നു കൃപേഷിന്റെ മൃതദേഹം ഉണ്ടായിരുന്നത്. ഓലപ്പുരയില്‍ നിന്ന് മകന് അവസാനമായി ഇറങ്ങിപ്പോയത് മരണത്തിലേയ്ക്കായിരുന്നു എന്ന് ഇപ്പോഴും വിശ്വിസാക്കാനാവാതെ വിലപിക്കുകയാണ് ഈ കുടുംബം.
കൃപേഷിനെ സിപിഎമ്മുകാര്‍ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് കൃപേഷിന്റെ അച്ഛന് പ്രതികരിച്ചത്. മകന് പോയി ഇനിയെന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ഹൃദയം തകര്‍ന്ന വേദനയോടെ ആ അച്ഛന് പറയുന്നു.