കൃപേഷേ, ശരത്തേ..നിങ്ങള്‍ മരിച്ച ആ രാത്രി ഓര്‍ക്കുന്നോ! കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം നടന്ന ഭയാനകമായ ആ മണിക്കൂറുകളും പിന്നീട് നടന്ന സംഭവങ്ങളും വിവരിച്ച് കൃപേഷിന്റെയും ശരത്തിന്റെയും സുഹൃത്തിന്റെ വികാരനിര്‍ഭരമായ കുറിപ്പ്

കേരളത്തില്‍ അരങ്ങേറിയ അവസാന രാഷ്ട്രീയ കൊലപാതകത്തിന്റെ മുറിവ് ഇതുവരെയും ഉണങ്ങിയിട്ടില്ല. കാസര്‍ഗോഡ് നടന്ന ആ ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടല്‍, തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവരായിരുന്ന കൃപേഷിന്റെയും ശരത്തിന്റെയും വേര്‍പാട് ഉള്‍ക്കൊള്ളാനായിട്ടില്ല നാട്ടുകാര്‍ക്ക്.

അവരുടെ ചിതയ്ക്കരികെയിരുന്ന് ഇപ്പോഴും ഇരുവരുടെയും സുഹൃത്തുക്കള്‍ വിതുമ്പാറുണ്ട്. ഇപ്പോഴിതാ അവരുടെ വേര്‍പാട് ബാക്കിയാക്കിയ വേദന മറക്കാനെന്നവണ്ണം, കൃപേഷിനെയും ശരത്തിനെയും അഭിസംബോധന ചെയ്ത് ഇരുവരുടെയും സുഹൃത്തായ മാഹിന്‍ അബൂബക്കര്‍ എന്ന വ്യക്തി എഴുതിയ ഒരു കുറിപ്പ് ശ്രദ്ധേയമാവുന്നു. ഇരുവരുടെയും മരണശേഷം നടക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് കൂടിയാണ് ഇദ്ദേഹത്തിന്റെ കുറിപ്പ്.

മാഹിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

നിങ്ങള്‍ മരിച്ച രാത്രി ഓര്‍ക്കുന്നോ, ഫെബ്രുവരി 17 രാത്രി 7.30. കല്ല്യോട്ടെ ക്ഷേത്രത്തില്‍ നിന്ന് പെരുങ്കളിയാട്ട സംഘടക സമിതി യോഗം കഴിഞ്ഞു സുഹൃത്തിന്റെ കല്യാണത്തിനുള്ള ഡ്രസ്സ് കോഡിനായി പണമെടുക്കാന്‍ ശരത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു.

ആ വളവില്ലേ, ഏത് നിന്റെ വീട്ടിലേക്ക് തിരിയുന്ന വളവ്, അവിടെ വച്ചല്ലേ അവര്‍ ചാടി വീണത്. ബൈക്ക് മുന്നോട്ടു എടുത്ത ശരത്തെ, ഓര്‍ക്കുന്നില്ലേ അവര്‍ ബൈക്ക് ചവിട്ടി വീഴ്ത്തിയത്. നിന്നെയായിരുന്നു ശരത്തെ അവര്‍ പകയോടെ ലക്ഷ്യം വച്ചത്.

കൃപേഷ് ഇറങ്ങി മുന്നോട്ടു ഓടിയതും പിന്നാലെയോടി തലയ്ക്കു പിറകില്‍ നിന്നും മഴു പോലത്തെ ആയുധം വച്ച് വെട്ടിവീഴ്ത്തിയത് നീ കണ്ട് കാണില്ല. കാരണം അപ്പോഴേക്കും ആ എട്ട് അംഗ സംഘത്തിലെ ഏഴ് പേരും നിന്നെ കൊത്തിയരിയാന്‍ തുടങ്ങി. നിന്റെ കാലില്‍ എത്ര വെട്ടാണെടാ അവര്‍ വെട്ടിയത്. അറ്റു തൂങ്ങിയ കാലിന്റെ ചിത്രം ആര്‍ക്കാണെടാ കണ്ട് നില്‍ക്കാന്‍ സഹിക്കുന്നത്.

വെട്ട് കൊണ്ട് വീണ കൃപേഷിനെ അവര്‍ വിടാന്‍ കൂട്ടാക്കിയില്ല. അമ്പത് മീറ്റര്‍ അപ്പുറമുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോയാണ് വെട്ടിയരിഞ്ഞു പക തീര്‍ത്തത്. ശരത്തെ നിന്റെ നിലവിളി ആ പെരുവഴിയില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

നീ വേദന കൊണ്ട് പുളഞ്ഞപ്പോള്‍ ഒരു ജീപ്പ് വന്ന് നിരത്തിയത് ഓര്‍ക്കുന്നുണ്ടോ. വാഹന അപകടം ആണെന്ന് തോന്നുന്നു. വണ്ടി നിര്‍ത്തിക്കെ എന്ന് വാഹനത്തില്‍ നിന്ന് പറയുന്നുണ്ടായിരുന്നു. നിര്‍ത്തിയ വണ്ടിയില്‍ നിന്നിറങ്ങിയ പുരുഷന്മാര്‍ നിന്റടുത്തു വന്നപ്പോഴാണ് അപകടമല്ല ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് മനസിലാകുന്നത്.

എന്താണ് സംഭവമെന്ന് അറിയാന്‍ വണ്ടിയില്‍ നിന്ന് സ്ത്രീകളും ഇറങ്ങി. കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി ഭയന്ന മുഖവുമായി ആ തൂവെള്ള ജുബ്ബയും മുണ്ടും ബൈക്കും കണ്ട് അടുത്തേക്ക് വന്നത് നീ ഓര്‍ക്കുന്നോ ? അവള്‍ക്കു ആ മുഖം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെയാര്‍ക്കാണെടാ നിന്നെ തിരിച്ചറിയാന്‍ കഴിയുന്നത്.

ശരത്തേട്ടാ എന്ന് അവള്‍ വിളിച്ചപ്പോള്‍ നീ ഞെരുങ്ങിയമരുന്ന വേദന കൊണ്ട് ‘ അമ്മേ അമ്മേ ‘ എന്ന് വിളിച്ചത് ഓര്‍ക്കുന്നോ ? അത് നിന്റെ സഹോദരിയായിരുന്നു. നിന്റെ ചോര, നിന്റെ ഏറ്റവും വലിയ സമ്പത്ത്. നിന്റെ വേദന എന്താണെന്ന് നന്നായിയറിയാം. എന്നാല്‍ സ്വന്തം കൂടപ്പിറപ്പ് മരണത്തോട് മല്ലടിച്ചു കിടക്കുന്നത് കാണേണ്ടി വരുന്ന സഹോദരിയുടെ നെഞ്ചില്‍ ആഴ്ന്നിറങ്ങിയ വേദന എങ്ങേനെയാടാ അളക്കേണ്ടത്.

സ്ത്രീകളെ വീട്ടിലേക്ക് പറഞ്ഞു വിട്ട് പുരുഷന്മാര്‍ നിന്റെ മുറിവേറ്റ ശരീരം കോരിയെടുത്തു ജീപ്പിലേക്ക് വച്ചപ്പോള്‍ പോകാന്‍ കൂട്ടാക്കാതെ നിന്നെ തിരിഞ്ഞ് നോക്കി കൂടെയുള്ള സ്ത്രീയുടെ തോളോട് ഒട്ടി മനസ്സില്ല മനസ്സോടെ നടന്നു പോയ നിന്റെ സഹോദരിയുടെ മുഖം ഓര്‍ക്കാന്‍ കഴിയുന്നുണ്ടോ ?

ടാ കൃപേഷേ, ആളുകള്‍ വിവരമറിഞ്ഞു എത്തിയപ്പോളാണ് ശരത്തിന്റെ ഒപ്പം നീയും ഉണ്ടായിരുന്നു എന്നറിയുന്നത്. പിന്നീട് നടന്ന തിരച്ചിലില്‍ ആണ് നിന്നെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തുന്നത്. പക്ഷെ അപ്പോഴേക്കും നിന്റെ തലച്ചോര്‍ വെളിയില്‍ വന്നു. നിന്റെ രക്തം ആ പുല്ലില്‍ രക്തപ്പുഴ തീര്‍ത്തു. കൊണ്ട് പോയിട്ടും കാര്യമില്ലായിരുന്നുടാ.

ആദ്യം മരണം കൊണ്ട് പോയത് നിന്നെയാണ് കൃപേഷേ, പിന്നെ നിന്റെ ശരതേട്ടനെയും. പോസ്റ്റ് മോര്‍ട്ടം ചെയ്ത് പരിയാരത്ത് നിന്ന് നിങ്ങളെ കൊണ്ട് വന്നപ്പോള്‍ റോഡിനിരുവശവും ആയിരങ്ങളാണ് പ്രിയരേ കാത്തു നിന്നത്. പലരിലും കണ്ണീരായിരുന്നു. മൂകതയായിരുന്നു.

കൃപേഷേ, നിന്റെ അമ്മ കരഞ്ഞത് എന്ത് പറഞ്ഞാണെന്നോ, ‘ എന്റെ കിച്ചു ഇതിനാണോ നീ പുത്തനുടുപ്പിട്ടു പോയത്’ ഈ വാക്ക് ആരുടെ ഹൃദയമാടാ തകര്‍ക്കാത്തത്. നിന്റെ ശരതേട്ടന്റെ പ്രിയപ്പെട്ട അമ്മയുടെ നിലവിളി ആരുടേയും നെഞ്ചില്‍ പതിക്കുന്ന കരിങ്കല്ലായിരുന്നു. എന്തിനെന്റെ ഏട്ടനെ കൊന്നു എന്ന് നിലവിളിച്ചാണെടാ ശരത്തെ നിന്റെ സഹോദരി അച്ഛന്റെ മടിയിലേക്ക് ചാഞ്ഞത്.

കൃപേഷേ, നിന്റച്ചന്‍ ആ കൂരയിലെ ആകെയുള്ള ഡെസ്‌ക്കില്‍ തല വച്ച് കരയുന്ന രംഗം രക്തയോട്ടമുള്ള മനുഷ്യ ജന്മങ്ങളുടെ കരളലിയിപ്പുക്കുന്നതായിരുന്നു. ശരത്തേട്ടന്റെ അച്ഛന്‍ സത്യനാരായണന്റെ നെടുവീര്‍പ്പ് വിവരിക്കാന്‍ കഴിയില്ലെടാ. ആ കണ്ണീരില്‍ നിന്റെ പാര്‍ട്ടിയുടെ പ്രസിഡന്റ വരെ കരഞ്ഞു പോയെട.

പക്ഷെ കാര്യമില്ലെടാ, ഓരോ പ്രതികളെയും പാര്‍ട്ടി കൃത്യമായി എത്തിച്ചു. കഞ്ചാവ് ലഹരിയെന്ന കള്ളക്കഥ ഒരു സിഗരറ്റ് പോലും വലിക്കാത്ത പീതാംബരനില്‍ ചാര്‍ത്തി ആ കേസ് അയാളില്‍ ഒതുക്കാന്‍ നോക്കി. പരസ്യമായി തള്ളിപറഞ്ഞെങ്കിലും പ്രതികള്‍ക്ക് ഉടുമുണ്ടും അടിവസ്ത്രവും ഭക്ഷണവും വരെ സിപിഎം ആണെടാ നല്കിയത്.

നിന്റെ അച്ഛന്‍ പറഞ്ഞപോലെ ശാസ്താ ഗംഗാധരനിലേക്ക് അന്വേഷണം എത്തിയില്ല. നിന്റെ വീട്ടില്‍ മൊഴിയെടുക്കാന്‍ എത്തിയത് ഇക്കഴിഞ്ഞ ആഴ്ചയാണ്. ആ വന്ന അന്വേഷണ തലവനെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയെടാ ശരത്തെ. അറിയാലോ അന്ന്വേഷണം അതിരുകടക്കുന്നു എന്ന് മനസ്സിലായല്ലോ.

പഴയപോലെയല്ലേടാ, അഭിമന്യൂവിന്റെ രക്തസാക്ഷിത്വത്തെ കുറിച്ച് സംസാരിച്ച സാംസ്‌കാരിക നായകര്‍ നിന്റെ മരണം കണ്ട ഭാവം നടിച്ചില്ലെടാ. അവര്‍ക്ക് കവിത വന്നില്ല. അനുശോചനം വന്നില്ല. കൊലപാതകം കണ്ട ഭാവം നടിച്ചില്ല. അറിയാലോ ശരത്തെ പിണറായി വിജയനെ പൂജിക്കുന്ന, ഇടത് പക്ഷ പൊതുബോധത്തിന്റെ അച്ചാരം പറ്റുന്ന സാംസ്‌കാരിക നായകര്‍ നിന്നെയോ കൃപേഷിനെയോ കൊന്ന വിവരം അറിഞ്ഞ മട്ടില്ലായിരുന്നു.

അറിഞ്ഞവര്‍ക്കും എഴുതിയവര്‍ക്കും സിപിഎം എന്നെഴുതാന്‍ ധൈര്യമില്ലായിരുന്നു. സിപിഎം എന്നെഴുതിയവര്‍ നെടുനീളന്‍ കഥയെഴുതി ബാലന്‍സിംഗ് കുറിപ്പുകളായിരുന്നു എഴുതിയത്. കൃപേഷിന്റെ ഒറ്റമുറി കുടില്‍ അവര്‍ക്ക് കാണേനെ കഴിഞ്ഞില്ല. ആ കുടിലിന്റെ കാരണക്കാരും കോണ്‍ഗ്രസുകാരാണെന്ന് എഴുതി.

കൂട്ടത്തില്‍ കൂടിയ ഒന്നിന്റെ ബാലന്‍സിംഗ് എഴുത്തിനെ നിന്റെ പാര്‍ട്ടിയിലെ യുവ എം എല്‍ എ വിമര്‍ശിച്ചു. നിന്റെ മരണം വൈകാരികമായി കണ്ട ആ എം എല്‍ എക്ക് ആ എഴുത്തുകാരി പരിഹാസരൂപേണ മറുപടി നല്‍കി, കൂട്ടത്തില്‍ എം എല്‍ എയുടെ പേര് വികലമാക്കി എഴുതി. പോയി തരത്തില്‍ പോയി കളിയെടാ എന്ന് പറഞ്ഞു. ഏത് നിന്റെ മരണത്തില്‍ സാംസ്‌കാരിക മേഖലയുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത എം എല്‍ എയെ ആണെന്നോര്‍ക്കണം.

ആ എഴുത്തുകാരിക്ക് ചുട്ടമറുപടി അതെ നാണയത്തില്‍ നിന്റെ എം എല്‍ എ നല്‍കി. ആ മറുപടി ഇവിടെയുള്ള ഇടത് പക്ഷക്കാര്‍ ഏറ്റു പിടിച്ചു. എം എല്‍ എയെ സൈബര്‍ അറ്റാക്ക് നടത്തി. പക്ഷെ നിന്നെ പോലെ തന്നെ ആ എം എല്‍ എയും സിപിഎം വെല്ലുവിളിയെ എതിര്‍ത്ത് തന്നെ നിന്നു.

എന്നാലിപ്പോള്‍ നിന്നെ കൊന്ന സിപിഎമ്മിന് ന്യായീകരണം ചമക്കുന്ന എഴുത്തുകാരിയുടെ ആരാധകരാണെന്ന് പറഞ്ഞു ചിലര്‍ നിന്റെ പാര്‍ട്ടിയില്‍ തലപൊക്കുന്നുണ്ട്. നിനക്ക് വേണ്ടി സംസാരിക്കുന്ന എം എല്‍ എയെ, സാധാരണ പ്രവര്‍ത്തകരെ സൈബര്‍ മര്യാദകളെ കുറിച്ച് ക്ലാസെടുത്തു നന്നാക്കാന്‍ ഇറങ്ങിയിരിക്കുകയാണ്.

ഉമ്മന്‍ചാണ്ടിയെ വദനസുരത ചാണ്ടിയെന്നും ചെന്നിത്തലയെ സങ്കിയെന്നും രാഹുല്‍ ഗാന്ധിയെ പപ്പുവെന്നും ഇവിടുത്തെ സിപിഎം വിളിക്കുമ്പോള്‍ നോവാത്തവരാണ് ഇപ്പോള്‍ ആക്ഷേപിച്ച എഴുത്തുകാരിക്ക് ചുട്ടമറുപടി കൊടുത്ത ആള്‍ക്കാര്‍ക്ക് ഫാന്‍സ് അസോസിയേഷനില്‍ മെമ്പര്‍ഷിപ്പ് കൊടുക്കുന്നത് കഷ്ട്ടം.

നിങ്ങളുടെ കൊലയെ ബാലന്‍സ് ചെയ്യാന്‍ ഇന്നലെ ചിതറയില്‍ ഉണ്ടായ ഒരു വ്യക്തിപരമായ കൊല കോണ്‍ഗ്രസിന്റെ മേല്‍ കെട്ടിവെക്കാന്‍ സിപിഎം നേതൃത്വം ഒന്നാകെ ശ്രമിക്കുമ്പോള്‍ അതിനെതിരെ ഒരു വാക്ക് പറഞ്ഞു ബൈറ്റ് കൊടുക്കാന്‍ തയ്യാറകാത്തവരാണ് ഇപ്പോള്‍ സ്വന്തം അണികള്‍ക്കു സൈബര്‍ മര്യാദ പഠിപ്പിക്കാന്‍ ചാനല്‍ റൂമുകള്‍ കയറുന്നത്.

ഞങ്ങള്‍ക്കറിയാം കൃപേഷേ, ശരത് ലാലേ, ഒന്നും ആഗ്രഹിക്കാതെ, ആ ഇല്ലായ്മയുടെ നടുവില്‍, വെല്ലുവിളിയുടെ ഇടയില്‍ നെഞ്ച് വിരിച്ചു പ്രവര്‍ത്തിചതിന്റെ പേരില്‍ ജീവന്‍ പോലും നല്‍കേണ്ടി വന്ന നിങ്ങളെപ്പോലെ തന്നെ ഒന്നും പ്രതീക്ഷിക്കാതെ, ആരും സംരക്ഷിക്കാന്‍ ഇല്ലെന്നറിഞ്ഞിട്ടും കേരളത്തെ അടക്കിവാഴുന്ന ഇടത് ഭീകരതയ്‌ക്കെതിരെ സംസാരിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ഒറ്റപ്പെടുത്തല്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇത്രവേഗം ഉണ്ടാകുമെന്ന് അറിഞ്ഞില്ല.

എന്തായാലും നമുക്ക് ക്ലാസ് എടുക്കാന്‍ വരുന്നവര്‍ അവിടെ നില്‍ക്കട്ടെ, സ്ത്രീകളെ ബഹുമാനിക്കാന്‍ ഞങ്ങള്‍ക്കറിയാം. ഓരോരുത്തര്‍ക്കു അര്‍ഹിക്കുന്ന ബഹുമാനം നല്‍കാനും ഞങ്ങള്‍ക്കറിയാം. അതിന്റെയൊന്നും സര്‍ട്ടിഫിക്കട്ട് ആരുടേയും ആവശ്യമില്ല. ഇന്നല്ലെങ്കില്‍ നാളെ ഞങ്ങളും നിങ്ങളെ പോലെ മരണത്തിനു കീഴടങ്ങും. അന്ന് ഞങ്ങളെ ഓര്‍ക്കുന്നവര്‍ക്ക് അഭിമാനത്തോടെ പറയാന്‍ ഒന്നുണ്ടായാല്‍ മതി.

‘ കോണ്‍ഗ്രസ് സഹോദരങ്ങളെ വെട്ടിനുറുക്കിയ സിപിഎമ്മോ, അവരുടെ ശിങ്കിടികളുമായോ വാക്ക് കൊണ്ടോ, നോക്ക് കൊണ്ടോ പോലും കോംപ്രമൈസ് ചെയ്യാത്തവരായിരുന്നു ‘

ഇത് പറഞ്ഞാല്‍ മതി. ഇത് പറഞ്ഞു കേട്ടാല്‍ മതി. അതിനപ്പുറമുള്ള ക്‌ളാസെടുപ്പ് നടത്തുന്ന മര്യാദ രാമന്മാരുടെ സ്ഥാനം പടിക്കെട്ടിനു പുറത്താണ്.

Related posts